Kerala

ജനങ്ങളെ വലച്ച് ബിജെപിയുടെ വഴിതടയല്‍ സമരം; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ആഹ്വാനം ചെയ്ത വഴിതടയല്‍ സമരം പുരോഗമിക്കുന്നു. രാവിലെ തന്നെ തലസ്ഥാന നഗരിയില്‍ അഞ്ചിടങ്ങളില്‍ വഴിതടഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശബരിമലയില്‍ സ്വീകരിച്ച നടപടികളില്‍ തെറ്റുപറ്റി എന്നു പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും. സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന അയ്യപ്പവേട്ടയ്ക്കും മനുഷ്യാവകാശ ലംഘനം ഉള്‍പ്പെടെയുള്ള കടുത്ത ഭരണകൂട ഭീകരതയ്ക്കുമെതിരെ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും മൂന്നിന് ആരംഭിക്കുന്ന നിരാഹാരത്തിന് ആദ്യഘട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുമെന്നും രമേശ് വ്യക്തമാക്കി.

അതേസമയം, ബിജെപിയുടെ വഴിതടയല്‍ സമരത്തെ നേരിടാന്‍ പൊലീസ് നടപടികളാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും വഴി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ മന്ത്രിമാരുടേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൈലറ്റ് വാഹനങ്ങളേയും വിന്യസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top