Kerala

എറണാകുളത്തെ ഹോട്ടലുകളുടെ ഓണ്‍ലൈന്‍ ഭക്ഷണ ബഹിഷ്‌കരണം എങ്ങനെ ബാധിക്കും ?

എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരം ഡിസംബര്‍ ഒന്ന് മുതല്‍ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഹോട്ടലുടമകള്‍ തീരുമാനിച്ചു.

ഓണ്‍ലൈന്‍ കമ്പനികളുടെ ചൂഷണത്തിനും ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലയിലെ 3200ഓളം വരുന്ന ഹോട്ടലുകള്‍ ബഹിഷ്‌കരണത്തിന് മുന്നിട്ടിറങ്ങുന്നതെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ഘടകം പ്രസിഡന്റ് അസീസ് മൂസ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

അസീസ് മൂസ

ഓണ്‍ലൈന്‍ ഭക്ഷണ വില്‍പ്പന നടത്തുന്നതില്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍ നിന്നും ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയും ഈടാക്കി വരുന്നുണ്ട്. ഇത് മൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നത്.

വന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയ്യടക്കുകയും തുടര്‍ന്ന് ഇപ്പോള്‍ നല്‍കുന്ന ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളില്‍ നിന്ന് ഈടാക്കാനുള്ള കോര്‍പറേറ്റ് തന്ത്രമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ ആവിഷ്‌കരിക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്‌സ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ കമ്പനികള്‍ പ്രതിമാസം ഏഴരക്കോടി രൂപയുടെ വ്യാപാരമാണ് എറണാകുളം ജില്ലയില്‍ മാത്രം നടത്തുന്നത്. അതായത് പ്രതിദിനം 25,000 ഓര്‍ഡറുകളാണ് ഓണ്‍ലൈന്‍ കമ്പനികള്‍ ഏറ്റെടുക്കുന്നത് – അസീസ് മൂസ പറഞ്ഞു.

ഹോട്ടല്‍ വ്യവസായ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ലാഭം 13 മുതല്‍ 14 ശതമാനം മാത്രമാണെന്നും അസീസ് പറഞ്ഞു. വന്‍കിട ഓണ്‍ലൈന്‍ കമ്പനിയായ ഫുഡ് പാണ്ടയെപ്പോലുള്ള കമ്പനികള്‍ കൂടി എറണാകുളത്ത് വരുന്നതോടെ മത്സരം ഇനിയും കടുക്കും.

ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ പൊതുജനങ്ങള്‍ ഭൂരിപക്ഷവും ഹോട്ടലുകളില്‍ വരാതെയായി. വൈകുന്നേരമാകുന്നതോടെ എറണാകുളം നഗരത്തിലേക്ക് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്തുന്നില്ല. അത് മറ്റ് വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അസീസ് പറയുന്നു.

100 രൂപയുടെ ഒരു ഓര്‍ഡര്‍ ഹോട്ടലിന് ലഭിക്കുമ്പോള്‍ 40 രൂപവരെയാണ് ഓണ്‍ലൈന്‍ കമ്പനിക്ക് നല്‍കേണ്ടി വരുന്നത്. ഭാവിയില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഇത് പ്രതികൂലമായി ബാധിക്കും. കമ്പനികള്‍ കുറഞ്ഞ കമ്മീഷനും ഏകീകൃത വിലയും അംഗീകരിക്കണം. ഹോട്ടല്‍ മെനുവിലെ യഥാര്‍ഥ വില ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കണം. അല്ലാത്തപക്ഷം ഭാവിയില്‍ ഹോട്ടലുടമകള്‍ സ്വന്തമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ രൂപീകരിച്ച് ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ഭക്ഷണ കമ്പനികളെ പാടേ ഒഴിവാക്കും. അസീസ് വ്യക്തമാക്കുന്നു.

തിരുവന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരം നടക്കുന്നത്. കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരികള്‍ തുടക്കംമുതല്‍ തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.

ഓണ്‍ലൈന്‍ വ്യാപാരത്തോടല്ല, മറിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ ഹോട്ടലുകളെ തകര്‍ക്കുന്ന രീതിയിലുള്ള ഭാരിച്ച കമ്മീഷനും നയങ്ങളും സ്വീകരിക്കുന്നതാണ് അസോസിയേഷന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നും അസീസ് പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാര ബഹിഷ്‌കരണം നടപ്പാക്കുന്നതോടെ ഇത്തരം കമ്പനികളുടെ വിതരണക്കാരായ നൂറുകണക്കിന് ജീവനക്കാര്‍ എന്ത് ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഹോട്ടലുകള്‍ ഉപേക്ഷിച്ച് കേന്ദ്രീകൃത അടുക്കള സ്ഥാപിച്ച് ഭക്ഷണ വിതരണം നടത്തുമെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവര്‍ കമ്പനികളുടെ സെന്‍ട്രലൈസ്ഡ് കിച്ചണില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമോ എന്ന ന്യായമായ സംശയം നിലനില്‍ക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയുടെ പ്രൊഫണല്‍ സമീപനവും ഡെലിവറിയിലെ കൃത്യതയും ശീലമാക്കിയ എറണാകുളം നഗരത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഈ ബഹിഷ്‌കരണത്തെ എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top