ന്യൂഡല്‍ഹി: ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. മൂന്നംഗബഞ്ചില്‍ ജസ്റ്റിസ് കുര്യന് ജോസഫിന്റെ വിയോജിപ്പോടെ ഭൂരിപക്ഷ വിധി ആയാണ് വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി വിധിച്ചത്.
ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷയെ അനുകൂലിച്ചു. എന്നാല്‍ വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സമയമായി എന്നായിരുന്നു ജസ്റ്റിസ് കുര്യന് ജോസഫിന്റെ വിധിന്യായം.
സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് ആയിട്ടില്ലെന്ന് 262-ാം ലോ കമ്മീഷന് റിപ്പോര്‍ട്ട് വിധിന്യായത്തില്‍ ഉദ്ധരിച്ച് ജസ്റ്റിസ് കുര്യന് ജോസഫ് ചൂണ്ടിക്കാട്ടി. കീഴ്ക്കോടതി വധശിക്ഷക്ക് വിധിച്ച ഒരു പ്രതിയുടെ അപ്പീല്‍ അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രധാന വിധി.