Kerala

മുബൈ ഡബ്ബാവാലകള്‍ ; സമര്‍പ്പണത്തിന്റെ കരുത്ത്

ജോര്‍ജ് മാത്യു

ജീവിതത്തിലൊരിക്കലെങ്കിലും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ സന്ദര്‍ശിച്ചവര്‍ക്ക് ഡബ്ബാവാലകളുടെ ടിഫിന്‍ സര്‍വീസ് സേവനം മറക്കാനാവില്ല.

ഉച്ചയ്ക്ക് മുമ്പ് വീടുകള്‍ തോറും കയറിയിറങ്ങി വീടുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഉച്ചഭക്ഷണം കിറുകൃത്യതയോടെ കിലോമീറ്ററുകള്‍ അകെലെയുള്ള ഉപഭോക്താക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്ന ഡബ്ബാവാലകളുടെ ചെലവ് കുറഞ്ഞ സേവനം ലോക പ്രശസ്തമാണ്. ഉച്ചഭക്ഷണം എത്തിച്ച് നല്‍കുക മാത്രമല്ല ഒഴിഞ്ഞ പാത്രങ്ങള്‍ ശ്രദ്ധാപൂര്‍വം തിരികെ എത്തിക്കുന്നതില്‍ ഇവര്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസം അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ കേസ്സ്റ്റഡിയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെലവ് കുറഞ്ഞ വിതരണവും വിതരണത്തിലെ കൃത്യതയും മാത്രമല്ല ഡബ്ബാവാലകളുടെ ആത്മസമര്‍പ്പണവും 2005ല്‍ തന്നെ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേസ് സ്റ്റഡിയായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെളുത്ത വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ മുംബൈയിലെ ഡബ്ബാവാലകള്‍ അവിടെ മാത്രം കാണുന്ന തനത് തൊഴില്‍ സംസ്‌കാരത്തിന്റെ അനുകരണീയമായ മാതൃകയാണ്. എന്നിരുന്നാലും മുംബൈയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഈ അപൂര്‍വ ടിഫിന്‍ വിതരണ ശൃംഖലയുടെ ലളിതമായ പ്രവര്‍ത്തനശൈലിയെക്കുറിച്ച് പഠിക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് എത്തുന്നത്. വീടുകളില്‍ നിന്ന് സൈക്കിളില്‍ ടിഫിന്‍ ശേഖരിക്കുന്ന ഡബ്ബാവാലകള്‍ പാത്രത്തിന്റെ പുറത്ത് സ്ഥിരമായ കളര്‍കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എഴുതിയിട്ടിരിക്കുന്ന കളര്‍കോഡുകള്‍ പരിശോധിച്ച് ഓരോന്നും ഇലക്ട്രിക് ട്രെയിനുകളില്‍ കയറ്റി അതാത് സ്ഥലങ്ങളില്‍ എത്തിക്കും. കമ്പ്യൂട്ടര്‍ യുഗം കൊടികുത്തി വാഴുന്ന ഇക്കാലത്ത് സാധാരണക്കാരായ ഡബ്ബാവാലകള്‍ ഇതൊക്കെ തങ്ങളുടെ കഴിവനുസരിച്ച് കൃത്യമായി പൂര്‍ത്തീകരിക്കുന്നു.

” പ്രതിദിനം 2 ലക്ഷം ടിഫിനുകളാണ് 5000 ഡബ്ബാവാലകള്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്നത്. ഇതിലിപ്പോള്‍ വിതരണ അപാകത പൂജ്യം ശതമാനമാണ്. പ്രതിവര്‍ഷം 60 മുതല്‍ 70 കോടി രൂപയുടെ ബിസിനസാണ് നടക്കുന്നത്.” മുംബൈ ഡബ്ബാവാല എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് ഡോ.പവന്‍ അഗര്‍വാള്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ഡോ.പവന്‍ അഗര്‍വാള്‍

ക്രെഡായ് കേരളഘടകം സമ്മേളനത്തിനോടനുബന്ധിച്ച് കൊച്ചിയിലെത്തിയ പവന്‍ അഗര്‍വാള്‍ ക്രെഡായ് അംഗങ്ങള്‍ക്ക് ക്ലാസ് എടുത്ത് കൈയ്യടി വാങ്ങിയ ശേഷമാണ് കേരള വിഷന്‍ ഓണ്‍ലൈനുമായി അഭിമുഖത്തിന് വന്നെത്തിയത്. സാധാരണ ഡബ്ബാവാലകളെപ്പോലെ വെളുത്ത  കുര്‍ത്തയും ഗാന്ധിത്തൊപ്പിയും അണിഞ്ഞ് വലിയൊരു ചിരിയോടെയാണ് പവന്‍ അഗര്‍വാള്‍ ഡബ്ബാവാലകളുടെ ചെറിയ ലോകത്തിലെ വലിയ സേവനങ്ങളെക്കുറിച്ച് വാചാലനാകുന്നത്. ‘ എ സ്റ്റഡി ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഓഫ് ഡബ്ബാവാല ഇന്‍ മുംബൈ ‘ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പവന്‍ അഗര്‍വാളിന് ഡബ്ബാവാലകളുടെ വിവരങ്ങളെല്ലാം ഹൃദിസ്ഥമാണ്.

” ഡബ്ബാവാലകളുടെ തൊഴില്‍ സംവിധാനം മറ്റ് സംസ്ഥാനങ്ങളില്‍ അനുകരിക്കാനാവില്ല. മുംബൈയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന 60-70 കിലോ മീറ്റര്‍ റോഡ്, ഇലക്ട്രിക് ട്രെയിന്‍ സംവിധാനം, ഡബ്ബാവാലകളുടെ ആത്മസമര്‍പ്പണം തുടങ്ങിയ അനകൂല ഘടകങ്ങള്‍ മറ്റ് നഗരങ്ങളിലില്ല. ” 127 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് മുംബൈയിലെ ഡബ്ബാവാല വിതരണ ശൃംഖലയെന്ന് പവന്‍ അഗര്‍വാള്‍ ഓര്‍മിപ്പിച്ചു.

1890ല്‍ മഹാ ദിയോ ഹവാജി 100 ജീവനക്കാരുമായി തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് ഈ നിലയിലെത്തിയിരിക്കുന്നത്. ഇ കൊമേഴ്‌സിന്റെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും കുത്തൊഴുക്കില്‍ ഓരോ ദിവസവും ഡബ്ബാവാല വിതരണ ശൃംഖല പുരോഗമിക്കുകയാണ്.

” സ്വന്തം വീടുകളില്‍ നിന്ന് നമ്മുടെ രുചിക്കും ശീലങ്ങള്‍ക്കും അനുസരിച്ചുള്ള ഭക്ഷണം ലഭിക്കുമ്പോള്‍ അത് വേണ്ടെന്ന് വയ്ക്കാന്‍ ആര്‍ക്കാണ് കഴിയുക. അലൂമിനിയം പാത്രത്തില്‍ ഡബ്ബാവാലകള്‍ എത്തിക്കുന്ന ഉച്ചഭക്ഷണത്തിന് ഒരമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ കൈപുണ്യവും സ്‌നേഹ സ്പര്‍ശവും കൂടിയുണ്ടെന്നോര്‍ക്കണം ” അല്‍പം വികാരഭരിതനായി പവന്‍ അഗര്‍വാള്‍ ഇതോര്‍മിപ്പിക്കുമ്പോള്‍ ഒരു ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഡബ്ബാവാല ബിസിനസ് പിടിച്ചെടുക്കാനാവില്ലെന്ന ഓര്‍മപ്പെടുത്തലിന്റെ ധ്വനിയാണുള്ളത്.

” ഊബര്‍ ഈറ്റ്‌സും സൊമാറ്റോയും സ്വിഗ്ഗിയുമൊന്നും ഞങ്ങള്‍ക്ക് ഭീഷണിയാവുന്നില്ല. മറിച്ച് തങ്ങളുടെ ഡബ്ബാവാലകള്‍ക്ക് അവരുടെ പ്രവൃത്തി സമയം കഴിഞ്ഞ് ഈ കമ്പനികളിലൊക്കെ ജോലി ചെയ്ത് അധികവരുമാനം നേടാനും കഴിയുന്നുണ്ട്. ഇതിന് പുറമേ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം വൃത്തിയുള്ളതും സുരക്ഷിതവുമാണ്. ” പവന്‍ അഗര്‍വാള്‍ പറഞ്ഞു.

പ്രതിമാസം 600 മുതല്‍ 700 രൂപവരെയാണ് ഡബ്ബാവാലകള്‍ ഇപ്പോള്‍ ടിഫിന്‍ വിതരണത്തിന് ചാര്‍ജ് ചെയ്യുന്നത്. ഡബ്ബാവാലകള്‍ക്ക് ഒരുമാസം 15,000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. നൂതന്‍ മുംബൈ ടിഫിന്‍ ബോക്‌സ് സപ്ലൈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഡബ്ബാവാലകളുടെ പ്രവര്‍ത്തനം.

ഡബ്ബാവാലകളുടെ പിന്‍ഗാമികള്‍ അല്ലെങ്കില്‍ അടുത്ത തലമുറയിലെ പലരും ഈ തൊഴില്‍ മേഖലയിലേക്ക് വരുന്നില്ല. ഇലക്ട്രിക് ട്രെയിനുകളിലെ വര്‍ധിച്ച തിരക്ക്, അമിത ജോലിഭാരം എന്നീ പ്രതികൂല ഘടകങ്ങളെല്ലാം ഡബ്ബാവാലകളുടെ കുട്ടികളെ ഈ മേഖലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. പക്ഷെ പുതിയ ജോലി തേടി പുതിയ ആള്‍ക്കാര്‍ ഡബ്ബാവാലാ ജോലി ഏറ്റെടുക്കാന്‍ എത്തുന്നുണ്ട്.

” ഡബ്ബാവാലാ തൊഴിലിന് ആധുനിക കാലത്തും വലിയ സാധ്യതകളാണുള്ളത്. മുംബൈ നഗരവും ഡബ്ബാവാലാ തൊഴിലാളികളെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരിക്കുന്ന മുംബൈ നിവാസികളും നിലനില്‍ക്കുന്നിടത്തോളം കാലം ഇതങ്ങനെ തുടരും.” വലിയ ആത്മവിശ്വാസത്തോടെ പവന്‍ അഗര്‍വാള്‍ പറഞ്ഞ് നിര്‍ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top