നിലയ്ക്കല്‍: ഇന്നലെ രാത്രി നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ റിമാന്‍ഡില്‍.
പത്തനംതിട്ട മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെയും ഒ.ബി.സി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് രാജന് തറയില്‍, കര്‍ഷമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
രാത്രി ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച മൂവരെയും പുലര്‍ച്ചെ നാലു മണിക്ക് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. തുടര്‍ന്ന് ആറു മണിയോടെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഹാജരാക്കുകയായിരുന്നു.
ജയിലില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനും രണ്ടുനേരം പ്രാര്‍ഥന നടത്തുവാനുമുള്ള സൗകര്യവും മൂന്നുപേര്‍ക്കും മജിസ്ട്രേറ്റ് അനുവദിച്ചു. ശബരിമല ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സുരേന്ദ്രനും ബിജെപി നേതാക്കളും അറസ്റ്റിലായത്.
റിമാന്‍ഡിലായവരെ കൊട്ടാരക്കര സബ്ജയിലിലേക്കെത്തിച്ചു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.