Kerala

പരസ്യമാകുന്ന ദാമ്പത്യ രഹസ്യങ്ങള്‍ ! ദീപ്‌വീറിനൊപ്പം ഒന്നാകുമോ ഈ ബ്രാന്‍ഡുകള്‍ … ?

ദീപികയുടേയും രണ്‍വീറിന്റേയും ദാമ്പത്യത്തില്‍ ബിസിനസ് ബ്രാന്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും എന്താ കാര്യം..? ബോളിവുഡിന്റെ ഈ ഹോട്ട് കപ്പിള്‍സിന് ഇനി സിനിമ മാത്രമല്ല, വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളും രഹസ്യമല്ലാത്ത വീട്ടുകാര്യമാണ്. സിനിമയിലേതു പോലെ നായികയും നായികനുമായല്ല, പരസ്യ മേഖലയില്‍ രണ്ടാളും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന ശത്രുക്കളാണെന്ന് മാത്രം.

രണ്ടുപേരും വിവാഹിതരാകുന്നതോടെ വെട്ടിലാകുന്നത് ഇവരെ മുന്‍നിര്‍ത്തി കച്ചവടം കൊഴുപ്പിച്ചിരുന്ന വിവിധ കമ്പനികളാണ്. അതും മാര്‍ക്കറ്റില്‍ കടും മത്സരം കാഴ്ചവയ്ക്കുന്ന ബ്രാന്‍ഡുകള്‍. ദാമ്പത്യത്തിലെ കെമിഷ്ട്രിയുമായി ശത്രുകമ്പനികളുടെ പരസ്യമോഡലുകളാവാന്‍ ഇരുവരും ഇനി തയ്യാറാകുമോ എന്ന ചോദ്യമാണ് പരസ്യനിര്‍മാണ മേഖലയില്‍ നിന്നുമുയരുന്നത്.

ദീപികയുടേയും രണ്‍വീറിന്റെതുമായി 154 കോടിയോളം മൂല്യമുള്ള പരസ്യക്കരാറുകളാണ് നിലവിലുള്ളത്.

യാത്രാ പോര്‍ട്ടലായ മെയ്ക്ക് മൈ ട്രിപ്പിന്റെ പരസ്യ പ്രചാരകനാണ് രണ്‍വീര്‍ സിംഗ്. അവരുടെ മുഖ്യ എതിരാളികളായ ഗോ ഐബി ബോയുടെ അംബാസിഡര്‍ ദീപികയും.

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ഓപ്പോയുടെ ഒപ്പം ചേരുന്നത് ദീപികയാണെങ്കില്‍ വിവോയുടെ കൂടെയാണ് രണ്‍വീര്‍. ഈയിടെ രണ്‍വീര്‍ കരാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് വിവോ അമീര്‍ഖാനെ കൂടെക്കൂട്ടിയിരുന്നു.

രണ്‍വീര്‍ദീപിക വിവാഹം കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് സ്വകാര്യ ബാങ്കിംഗ് മേഖലയിലാണ്. ഒരു വര്‍ഷമായി രണ്‍വീര്‍ കൊടാക് മഹന്ദ്ര ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. എന്നാല്‍ 2014 മുതല്‍ ആക്‌സിസ് ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയിലിരിക്കുന്ന ആളാണ് ദീപിക.

പെയിന്റ് വിപണിയിലാണ് മറ്റൊരു മത്സരം. ഏഷ്യന്‍ പെയിന്റ്‌സിനൊപ്പം ദീപിക നില്‍ക്കുമ്പോള്‍ രണ്‍വീര്‍ നെരോലാക്കിന്റെ കൂടെയാണ്.

ദമ്പതികള്‍ ഇങ്ങനെ വിപണിയില്‍ ശത്രുക്കളായ ബ്രാന്‍ഡുകളുടെ അംബാസിഡര്‍മാരായി എത്തുമ്പോള്‍ അവ വില്‍പ്പനയുടെ തോതില്‍ പ്രതിഫലിക്കുമോ എന്ന ആലോചനയിലാണ് കമ്പനികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top