Kerala

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇനി മുപ്പത് നാള്‍ മാത്രം

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമാമാങ്കത്തിന്റെ കൊടിയേറ്റത്തിന് ഇനി 30 ദിവസം കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം ലക്കം ഡിസംബര്‍ 12 ന് തുടങ്ങി 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29 ന് അവസാനിക്കും. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95 കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാനവേദികള്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ടായിരിക്കും ബിനാലെ അരങ്ങേറുന്നത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പൂര്‍വ്വേഷ്യ തുടങ്ങിയിടങ്ങളിലെ കലാകാരാണ് ഇത്തവണ ബിനാലെയില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.

ബറോഡയിലെ മഹാരാജ സായാജിറാവു സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് അനിത ദുബെ. ജനങ്ങളുടെ പിന്തുണയാണ് കൊച്ചി ബിനാലെയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അനിത ദുബെ പറഞ്ഞു. കൊച്ചി -മുസിരിസ് ബിനാലെയുടെ ആദ്യ വനിത ക്യൂറേറ്റര്‍ കൂടിയാണ് അനിത. ബിനാലെ പവലിയനെ വിജ്ഞാനത്തിന്റെ പരീക്ഷണശാലയാക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അനിത ദുബെ പറഞ്ഞു.

അനിത ദുബെ

ബിനാലെ പ്രദര്‍ശനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചു നല്‍കുന്നതിനു വേണ്ടി 20 ആര്‍ട്ട് മീഡിയേറ്റര്‍മാരെ ബിനാലെ ഫൗണ്ടേഷന്‍ തയ്യാറാക്കുന്നുണ്ട്. ഫൗണ്ടേഷന്റെ പരിശീലന പരിപാടിയിലൂടെ ബിനാലെ പ്രദര്‍ശനങ്ങളിലൂടെ സൗജന്യമായി ഗൈഡഡ് ടൂറുകല്‍ സംഘടിപ്പിക്കുന്നതിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

ആസ്പിന്‍വാള്‍ ഹൗസ്, ഡര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ്(ബിനാലെ പവലിയന്‍), ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, ഉരു ആര്‍ട്ട് ഹാര്‍ബര്‍, ഡച്ച് വെയര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ് എന്നിവയാണ് ബിനാലെ നാലാം ലക്കത്തിന്റെ 9 വേദികള്‍.

ലെറ്റ്‌സ് ടോക്ക് സംഭാഷണ പരമ്പരകള്‍, ആര്‍ട്ടിസ്റ്റ്‌സ് സിനിമ, ത്രീ സീസ് പ്രൊജക്ട്, ടിഎം കൃഷ്ണ, ഇംഫാല്‍ ടാക്കീസ്, ഇന്‍സറക്ഷന്‍സ് എന്‍സംബിള്‍ എന്നിവരുടെ സമകാലീന സംഗീത വിരുന്ന് എന്നിവയെല്ലാം ബിനാലെയ്ക്ക് അനുബന്ധമായി അരങ്ങേറും.

ഗറില്ല ഗേള്‍സ്, ബ്രാച്ച എറ്റിംഗര്‍, ഓട്ടോലിത്ത് ഗ്രൂപ്പ്, എന്നീ കലാകാരന്മാരുടെ പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും ബിനാലെയുടെ ആദ്യ വാരത്തിലുണ്ടാകും. ഇതോടൊപ്പം സിനിമ പ്രദര്‍ശനം, സംഗീതം തുടങ്ങിയവയും അരങ്ങേറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top