Kerala

സ്റ്റുഡന്റ്‌സ് ബിനാലെ-2018 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദക്ഷിണേഷ്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും.

ഈ വര്‍ഷം ഡിസംബര്‍ 12-ാം തിയതിയാണ് പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ആരംഭിക്കുന്നത്.

ഫൈനാര്‍ട്‌സില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് സ്റ്റുഡന്റ്‌സ് ബിനാലെ. സമകാലീന ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന കൊച്ചി ബിനാലെയോടൊപ്പം നടക്കുന്നതിനാല്‍ ഏറെ അന്താരാഷ്ട്ര ശ്രദ്ധയും ഈ രംഗത്തെ അതികായരുടെ ഉപദേശവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ഇന്ത്യയ്ക്കകത്തു നിന്നുള്ള ബിഎഫ്എ(മൂന്നാം വര്‍ഷം, നാലാം വര്‍ഷം, അവസാനവര്‍ഷം) എംഎഫ്എ(ഒന്നും രണ്ടും വര്‍ഷം) വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനര്‍ഹതയുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് പ്രൊഡക്ഷന്‍ ഗ്രാന്റും കൊച്ചിയില്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കാനുള്ള സൗകര്യവും ലഭിക്കും.

ബിനാലെ പ്രതിനിധികള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ സാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലുള്ള സമകാലീന കലാവിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും.

സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരായ കൃഷ്ണപ്രിയ സിപി, നിഷാദ് എംപി, കെ പി റെജി, സഞ്ജയന്‍ ഘോഷ്, ശ്രുതി രാമലിംഗയ്യ, ശുക്ല സാവന്ത് എന്നിവര്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥി കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയും ബിനാലെ പ്രോഗ്രാം ഡയറക്ടറുമായ റിയാസ് കോമു സാര്‍ക്ക് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ തെരഞ്ഞെടുക്കും.
‘മേക്കിംഗ് ആസ് തിങ്കിംഗ്’ (നിര്‍മ്മാണത്തിലൂടെ ചിന്തനം) എന്നതാണ് ഇക്കുറി സ്റ്റുഡന്റ്‌സ് ബിനാലെയുടെ പ്രമേയം. വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളില്‍ എങ്ങിനെയാണ് ഒരു സ്റ്റുഡിയോ നിലനില്‍ക്കുന്നതെന്നും ആ അവസ്ഥയെയും അതിനപ്പുറത്തേക്കുമുള്ള പ്രതികരണങ്ങളെയും സൃഷ്ടിയുടെ ആശയങ്ങളാക്കി എങ്ങിനെ മാറ്റാമെന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികരിക്കാം.

ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്(എഫ്‌ഐസിഎ), ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍(എഫ്‌ഐഎഇ) ടാറ്റ ട്രസ്റ്റ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്‌സ് ബിനാലെ സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബിനാലെ വെബ്‌സൈറ്റായ www.kochimuzirisbiennale.org/students-biennale  വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 31 ആണ്.

ജനങ്ങളുടെ ബിനാലെ എന്ന് ആഗോള പ്രശസ്തിയാര്‍ജ്ജിച്ച കൊച്ചി ബിനാലെ ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് നടക്കുന്നത്. ചര്‍ച്ചകള്‍, പരിശീലന കളരികള്‍, ചലച്ചിത്രപ്രദര്‍ശനം, സംഗീത പരിപാടികള്‍ തുടങ്ങിയവ ബിനാലെയുടെ ഭാഗമായി കൊച്ചിയിലെ വിവിധ വേദികളില്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top