പാലക്കാട്: പ്രശസ്തമായ കല്‍പ്പാത്തി രഥോത്സവത്തിന് നവംബര്‍ 14ന് കൊടിയേറും. രഥോത്സവത്തെ വരവേല്‍ക്കാന്‍ കല്‍പ്പാത്തി ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. 700 ഓളം വര്‍ഷം പഴക്കമുള്ള വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്്. നവംബര്‍ 14,15,16 തിയ്യതികളിലായാണ് ആഘോഷങ്ങള്‍ നടക്കുക.
കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളിലൊന്നാണ് കല്‍പ്പാത്തി രഥോത്സവം. പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണിത്. മന്ത്രോച്ഛാരണങ്ങളാല് മുഖരിതമായ അന്തരീക്ഷത്തില്‍ കല്പ്പാത്തിയുടെ ഉത്സവത്തിന് കൊടിയേറുന്നതോടെ, നാലു ദിവസം നീണ്ടു നില്ക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. ഈ ദിവസങ്ങളില്‍ നാല് വേദങ്ങളുടെ പാരായണവും ക്ഷേത്രത്തില്‍ നടക്കും. ആഘോഷങ്ങളുടെ അവസാന മൂന്നു ദിവസം ഭഗവത് പ്രതിഷ്ഠയോടു കൂടിയ അലങ്കരിച്ച ദേവരഥം വലിക്കാന്‍ നിരവധിപേരാണ് കല്‍പ്പാത്തിയില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.
അഗ്രഹാര വീഥികളിലൂടെ ഉരുളാനുള്ള ദേവരഥങ്ങള്‍ പുറത്തിറക്കി. ഒരു വര്‍ഷത്തോളം നിര്‍ത്തിയിട്ട രഥങ്ങള്‍ മിനുക്കു പണികള്‍ക്കായാണ് പുറത്തിറക്കിയത്. വിശാലാക്ഷി സമേത വിശ്വംഭര ക്ഷേത്രത്തിലെ രഥചക്രങ്ങള്‍ മരത്തില്‍ നിന്നു മാറ്റി ഉരുക്കു ചക്രങ്ങളാക്കിയിരുന്നു. ഗ്രാമക്ഷേത്രങ്ങളിലെ രഥ സംഗമത്തോടെ നവംബര്‍ 17ന് രഥോത്സവം അവസാനിക്കും.