Kerala

ആചാരലംഘനം നടത്തിയിട്ടില്ലെന്ന് വല്‍സന്‍ തില്ലങ്കേരി; പതിനെട്ടാം പടി കയറിയത് ചടങ്ങിന്റെ ഭാഗമായെന്ന് ശങ്കരദാസ്

സന്നിധാനം: ആര്‍.എസ്.എസ് പ്രാന്തീയ കാര്യകാരി വല്‍സന്‍ തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയെന്ന വിവാദ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് തില്ലങ്കരിയുടെ വിശദീകരണം. ഇരുമുടിക്കെട്ടുമായാണ് എത്തിയതെന്നും ബഹളമുണ്ടായപ്പോള്‍ ഇരുമുടിക്കെട്ട് ഒപ്പമുള്ളയാള്‍ക്ക് കൈമാറുകയായിരുന്നുവെന്നും തില്ലങ്കേരി പ്രതികരിച്ചു.

പൊലീസിന്റെ മൈക്കില്‍ സംസാരിച്ചതിന് പിന്നില്‍ ദുരുദ്ദേശമില്ലെന്നും പ്രശ്‌നമുണ്ടായപ്പോള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. ഭക്തര്‍ക്കുണ്ടായ പ്രയാസങ്ങള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണെന്നും തില്ലങ്കേരി പറഞ്ഞു.

പോലീസിന്റെ നിര്‍ദേശപ്രകാരം ഭക്തജനങ്ങളെ നിയന്ത്രിക്കുവാന്‍ പതിനെട്ടാംപടി ഇറങ്ങി ആചാരലംഘനം നടത്തിയതിന് പരിഹാരമായി സന്നിധാനത്ത് തന്ത്രിയുടെ നിര്‍ദേശത്തില്‍ പ്രായശ്ചിത്തപരിഹാര ക്രിയകള്‍ നടത്തിയെന്നും തില്ലങ്കരി വ്യക്തമാക്കി.

ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായപ്പോള്‍ ഭക്തരെ നിയന്ത്രിക്കാന്‍ വത്സന്‍ തില്ലങ്കരിക്ക് പൊലീസ് സൗകര്യമൊരുക്കിയ വിവാദ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ശബരിമല പൂര്‍ണ പൊലീസ് നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളുടെ നിയന്ത്രണം ബി.ജെപി, ആര്‍.എസ്.എസ് നേതാക്കളുടെ കൈയിലാണെന്നതിന്റെ വ്യക്തമായ തെളിവുകളാണത്.

വല്‍സന്‍ തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് അന്വേഷിക്കുമെന്നും അദ്ദേഹം പമ്പയില്‍ പറഞ്ഞു.

അതേസമയം, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന സമയത്താണ് ശങ്കരദാസ് മേല്‍ശാന്തിക്കൊപ്പം പതിനെട്ടാംപടി കയറിയത്. ആഴി തെളിയിക്കാന്‍ പടിയിറങ്ങിയ മേല്‍ശാന്തി, തിരിച്ചു കയറിയപ്പോള്‍ ശങ്കരദാസും കൂടെക്കയറി.

വിശ്വാസം ഇല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ആചാരങ്ങളെ മാനിച്ച് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറാതിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധി തന്നെ ആചാരങ്ങള്‍ ലംഘിച്ചത് ചര്‍ച്ചയ്ക്കിടയായിട്ടുണ്ട്.

എന്നാല്‍ താന്‍ ആചാരം ലംഘനം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച് കെ.പി. ശങ്കരദാസും രംഗത്തെത്തി. പതിനെട്ടാം പടി കയറിയത് ചടങ്ങിന്റെ ഭാഗമായാണെന്നും ദേവസ്വം പ്രതിനിധിയായാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top