Kerala

നെയ്യാറ്റിന്‍കര കൊലപാതകം ; ഡിവൈഎസ്പി ഒളിവില്‍ തന്നെ, കീഴടങ്ങുന്നതും കാത്ത് പോലീസ്

ഹരികുമാറും കൊല്ലപ്പെട്ട സനലും

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാറിന്റെ സര്‍വീസ് ബുക്കില്‍ റെഡ് മാര്‍ക്ക് പുത്തരിയല്ല. പിടിയിലായ കള്ളനെ വിട്ടയക്കാന്‍ കള്ളന്റെ ഭാര്യയില്‍ നിന്ന് കൈക്കൂലി വാങ്ങിയതുള്‍പ്പെടെയുള്ള അധികാരദുര്‍വിനിയോഗത്തിന് പ്രതിഫലമായി സസ്‌പെന്‍ഷനും അച്ചടക്ക നടപടികളും യഥേഷ്ടം നേടിയെടുത്ത ഓഫീസറാണ് ഹരികുമാര്‍.

എന്നാല്‍ ഒളിവില്‍ പോയ ഹരികുമാറിനെ അന്വേഷിച്ചു കണ്ടെത്താന്‍ മുതിരാതെ ബന്ധുക്കള്‍ വഴി കേസന്വേഷണത്തിന് സഹകരിക്കണമെന്ന് സന്ദേശം കൈമാറി പ്രതി കീഴടങ്ങുന്നതും കാത്തിരിക്കുകയാണ് പോലീസ്. എന്നാല്‍ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. അന്വേഷണ വിധേയമായി കഴിഞ്ഞ് ദിവസം തന്നെ ഹരികുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഹരികുമാറിനെ ഡിവൈഎസ്പി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അവഗണിക്കുകയായിരുന്നും എന്നും ആരോപണമുണ്ട്. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിന് ശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിന് ഹരികുമാര്‍ വേണ്ടപ്പെട്ടവനായത് ഡിവൈഎസ്പിയുടെ അവിഹിത ബന്ധങ്ങള്‍ക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടായി. ഇതാണ് ഇപ്പോള്‍ ഒരു നിരപരാധിയുടെ ജീവന്‍ അപഹരിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.

നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശി എസ് സനലിനെ (33)യാണ് ഡിവൈഎസ്പി കൊലപ്പെടുത്തിയത്. വാഹനം പാര്‍ക്കു ചെയ്തതിനെ സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ സനലിനെ നടുറോട്ടില്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. രണ്ട് പിഞ്ച്‌ കുട്ടികളും ഭാര്യയും മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സനല്‍. ഏറെ സ്ഥിരോത്സാഹിയായ സനല്‍ ഇലക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.

ജീവനും സ്വത്തിനും സമാധാനത്തിനും കാവലാളാകേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ജീവനപരഹിക്കുന്ന കാലന്മാരായി വേഷം മാറുമ്പോള്‍ ഭീതിയേറുന്നത് ഈ നാട്ടിലെ സാധാരണക്കാരുടെ മനസ്സിലാണ്. ഒറ്റപ്പെട്ട സംഭവമെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താമെങ്കിലും പോലീസ് സേനയിലെ അക്രമികളുടെ എണ്ണം ഒട്ടും കുറവല്ല എന്ന് തന്നെയാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top