Kerala

മണ്‍വിള അഗ്നിബാധ നിയന്ത്രണ വിധേയം

തിരുവനന്തപുരത്തെ മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റിലുണ്ടായ അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍ അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടുകൂടിയാണ് ഗോഡൗണില്‍ തീ പിടിച്ചത്. രാത്രി കത്തിപ്പടര്‍ന്ന തീ ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാ സേന നിയന്ത്രിച്ചത്.

ഗോഡൗണിന് അകത്തേക്ക് പ്രവേശിക്കാനുളള ശ്രമമാണ് ഇപ്പോള്‍ അഗ്‌നിരക്ഷാ സേന നടത്തുന്നത്. ഇതിനായി കെട്ടിടത്തിന്റെ ബലക്ഷയമുളള ഭാഗം തകര്‍ക്കാനാണ് നീക്കം. മണിക്കൂറുകളോളം തീ നിന്ന് കത്തിയതിനാല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ട്. ഏത് നിമിഷവും നിലംപൊത്താമെന്ന നിലയിലാണ് ഇതുളളത്. കനല്‍ പൂര്‍ണ്ണമായും അണയുന്നത് വരെ അഗ്‌നിരക്ഷാ സേന ഇവിടെ തുടരും.

അപകടത്തില്‍ ആശങ്ക ഒഴിഞ്ഞതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. തീപിടിച്ചത് പെട്രോകെമിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ക്കായതിനാല്‍ ഇവ വീണ്ടും കത്താനുളള സാധ്യതയുണ്ട്. അതിനാല്‍ അഗ്‌നിബാധയുളള സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുതെന്ന് മന്ത്രി പറഞ്ഞു.

രാത്രി ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാലാണ് വലിയ അപകടം ഒഴിഞ്ഞത്. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേരെ ആശുപത്രിയിലാക്കി.

തീയണക്കാന്‍ വിമാനത്താവളത്തില്‍ നിന്നടക്കം ഫയര്‍ യൂണിറ്റെത്തി. അമ്പതോളം ഫയര്‍ യൂണിറ്റാണ് ഇന്നലെ ഒറ്റ രാത്രി തീയണക്കാന്‍ പരിശ്രമിച്ചത്. അപകടം നടന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങള്‍ക്ക് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

അഗ്‌നിരക്ഷാ സേന ഇപ്പോഴും കെട്ടിടത്തിനകത്തേക്ക് വെളളം ചീറ്റുന്നുണ്ട്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തിയതോടെ വന്‍തോതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം വമിക്കുന്നുണ്ട്. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ നാല് കെട്ടിട്ടങ്ങളാണ് മണ്‍വിളയിലുള്ളത് അതില്‍ ഒരു കെട്ടിട്ടമാണ് ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്. അഗ്‌നിബാധ മൂലം അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഫാമിലി പ്ലാസ്റ്റിക്കിന് ഒരു മുന്‍ അന്താരാഷ്ട്ര ബന്ധം കൂടിയുണ്ട്. 2005 ജൂലൈ 21നു ലണ്ടന്‍ നഗരത്തിലുണ്ടായ നാലു വന്‍ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ബോംബുകള്‍ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലായിരുന്നു. അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണു ‘ഡല്‍റ്റാ 6250’ എന്ന ലേബല്‍ ബ്രിട്ടീഷ് അന്വേഷണ എജന്‍സിയായ സ്‌കോട്ലന്‍ഡ് യാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്. തലസ്ഥാനത്തു മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മിച്ച ‘ഡല്‍റ്റാ 6250’ എന്ന ആറേകാല്‍ ലീറ്റര്‍ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാറായിരുന്നു അത്. ഇതേത്തുടര്‍ന്നു സ്‌കോട്ലന്‍ഡ് യാര്‍ഡ് അധികൃതര്‍ സ്ഥാപനത്തില്‍ എത്തി വിവരമെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top