തുറവൂര്‍: വീട്ടുമുറ്റത്ത് ചിതയൊരുക്കി വയോധിക ആത്മഹത്യ ചെയ്തു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തില്‍ അടുക്കി അതിനു മുകളില്‍ മൂന്ന് പാളിയുള്ള തെങ്ങിന് നിര്‍മ്മിത ജനല്‍ വച്ച് ഉള്ളില്‍ വിറകും മറ്റും ഇട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചാടുകയായിരുന്നു. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ എത്തി തീ കെടുത്തിയപ്പോഴാണ് ലീലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയുടെ രണ്ട് ഒഴിഞ്ഞ കുപ്പികള്‍ കണ്ടെടുത്തു. പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ മെഡി. ആശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.