തിരുവനന്തപുരം: രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ആറു മീറ്റ് റെക്കോര്‍ഡുകളുമായി എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 253 പോയിന്റു നേടിയാണ് എറണാകുളം തങ്ങളുടെ 13-ാം കിരീടം സ്വന്തമാക്കിയത്. പാലക്കാട് 196 പോയിന്റുമായി രണ്ടാമതും 101 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമെത്തി.
കോഴിക്കോട് (100), തൃശൂര്‍ (74) ജില്ലകളാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (50), മലപ്പുറം (29), ആലപ്പുഴ (28), കണ്ണൂര്‍ (24), കൊല്ലം (24), ഇടുക്കി (18), പത്തനംതിട്ട (12), കാസര്‍കോട് (എട്ട്), വയനാട് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.
സ്കൂളുകളില്‍ നിലവിലെ ചാംമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസിലിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി കോതമംഗലം സെന്റ് ജോര്‍ജ് കിരീടം ചൂടി. 81 പോയിന്റുമായാണ് സെന്റ് ജോര്‍ജ് ഒന്നാമതെത്തിയത്. 62 പോയിന്റുമായി കല്ലടി എച്ച്എസ് കുമരംപുത്തൂരാണ് രണ്ടാമത്. മാര്‍ ബേസില്‍ 50 പോയിന്റുമായി മൂന്നാമതായി.
രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ നിറം ചാര്‍ത്തിയതായിരുന്നു മീറ്റിന്റെ അവസാന ദിനം. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മുണ്ടൂര്‍ എച്ച്എസ്സിലെ അഖില്‍ കുമാറും സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈംജംപില്‍ കെഎച്ച്എസ് കുമരംപുത്തൂരിന്റെ എം.ജിഷ്നയും ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു.