Kerala

ഭീഷണിക്ക് വഴങ്ങുന്ന ആളല്ല സന്ദീപാനന്ദഗിരി; ആശ്രമം ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസിന്റെ ഹീനമായ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഹീനമായ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുലര്‍ച്ച ആക്രമണം നടന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തുന്നു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണ് സന്ദീപാനന്ദ ഗിരി. യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും ആശ്രമം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു.

നവോത്ഥാനനായകര്‍ ചെയ്ത മഹത്തരമായ കാര്യങ്ങളാണ് സന്ദീപാനന്ദ ചെയ്യുന്നത്. അത്തരംപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ഇനിയും മുന്നോട്ടുപോകും. നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്ത് കൂടുതല്‍ പ്രൗഢിയോടെ ആശ്രമം പ്രവര്‍ത്തിക്കേണ്ടതുണ്ട്. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ആ ദൗത്യവും ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇനിയും ഇത്തരം ശക്തികളുടെ ആക്രമണമുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top