പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ക്ലോക്ക് റൂം സംവിധാനം ഒരുക്കുന്നു. ബസ് സ്റ്റേഷനുകളായ നിലയ്ക്കലിലും പമ്പയിലുമാണ് സൗകര്യം ഒരുക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമെ ഭക്തരെ കൊണ്ടുവരാന്‍ കഴിയൂ. അവിടെ നിന്നും ഇരുമുടിക്കെട്ടുമായി മാത്രം സന്നിധാനത്തേക്ക് പോകുവാനുമാണ് അനുവാദമുള്ളത്. ആ സമയത്ത് ഭക്തരുടെ മറ്റ് സാധനസാമഗ്രികള്‍ ക്ലോക്ക് റൂമുകളില്‍ സൂക്ഷിക്കാവുന്നതാണ്. ദര്‍ശനം കഴിഞ്ഞു തിരിച്ച് വരുന്നത് വരെ തങ്ങളുടെ സാധനസാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനും ക്ലോക്ക് റും ഉപകരിക്കുന്നതാണ്.
പ്രതിദിനം (24 മണിക്കൂര്‍) ഒരു നിശ്ചിത തുക ഓരോ ബാഗിനും സൂക്ഷിപ്പ് ഫീസായി കോര്പ്പറേഷന് ഈടാക്കുന്നതാണ്. പരമാവധി രണ്ട് ദിവസം (48 മണിക്കൂര്‍) വരെയെ തുക ഈടാക്കി സൂക്ഷിക്കുകയുള്ളു. അതിനു ശേഷം വരുന്ന ഓരോ ദിവസത്തിനും അധിക തുക നല്‍കേണ്ടി വരും. തുകയോടൊപ്പം കെഎസ്ആര്‍ടിസിയുടെ വാലിഡ് ടിക്കറ്റുകള്‍ ഉള്ളവര്‍ക്കു മാത്രമെ ക്ലോക്ക് റൂമില്‍ ലഗേജുകള്‍ സൂക്ഷിക്കുവാന്‍ അനുവാദമുണ്ടാവുകയുള്ളു.