ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. ഡല്‍ഹിയില്‍ നിന്നും ഉച്ചയോടെയാണ് മൃതദേഹം കൊച്ചിയിലെത്തിക്കുക.
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് സഹോദരന് നല്കിയ പരാതിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 174-ാം വകുപ്പനുസരിച്ച് പഞ്ചാബ് പൊലീസ് വിശദമൊഴി രേഖപ്പെടുത്തി. സഹോദരന് ജോസ് കാട്ടുതറ മരണം സംഭവിച്ച മുറി നേരില്‍ കണ്ടശേഷമാണ് അസ്വാഭാവികത ചൂണ്ടിക്കാട്ടി ഹോഷിയാര്‍പുര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാഫലവും ലഭിച്ചശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്തായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നരമാസവും രാസപരിശോധനാ ഫലത്തിന് ആറുമാസംവരെയും സമയം എടുക്കും.
ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള ദൗസയിലെ സെന്റ് പോള്‍ കോണ്‍വെന്റ് സ്കൂള്‍ ക്യാമ്പസിലെ മുറിയില്‍ തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിട്ടുണ്ട്.