റാന്നി: ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വറിനും ഒപ്പം അറസ്റ്റിലായ 19 പേരും ഇന്ന് പുറത്തിറങ്ങും.
ശബരിമല നടതുറന്ന ഒക്ടോബര്‍ 17ന് സന്നിധാനത്ത് വച്ചാണ് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നു വന്ന മാധവി എന്ന യുവതിയെ മലകയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി എന്ന കേസിലായിരുന്നു അറസ്റ്റ്.
കൊട്ടാരക്കര സബ് ജയിലിലായിരുന്ന രാഹുല്‍ ജയലിനുള്ളില്‍ നിരാഹാരം നടത്തിയതിനെത്തുടര്‍ന്ന് ആരോഗ്യനില മോശമാവുകയും രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം, രാഹുല്‍ ഈശ്വറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഭാര്യ ദീപ കഴിഞ്ഞ ദിവസം ലൈവിലെത്തിയിരുന്നു. രാഹുല്‍ അക്രമത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും, അറസ്റ്റ് അനാവശ്യമാണെന്നും ദീപ രാഹുല്‍ ഈശ്വര്‍ ലൈവില്‍ കരഞ്ഞു പറഞ്ഞു. കൊട്ടാരക്കര സബ് ജയിലിനു മുന്നില്‍ കുടുബാംഗങ്ങള്‍ക്ക് ഒപ്പമെത്തിയായിരുന്നു ദീപയുടെ ലൈവ് വീഡിയോ.