Kerala

നട തുറക്കാന്‍ ഇനി രണ്ട് നാള്‍ മാത്രം; അടിസ്ഥാന സൗകര്യങ്ങളില്ല, സ്ത്രീപ്രവേശനത്തില്‍ തലപുകഞ്ഞ് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറക്കാന്‍ ഇനി രണ്ടു നാള്‍ മാത്രം ശേഷിക്കേ സ്ത്രീപ്രവേശനത്തില്‍ തലപുകഞ്ഞ് ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ബാദ്ധ്യതയുളള സര്‍ക്കാരിന് വിശ്വാസികളുടെ പ്രതിഷേധം വെല്ലുവിളിയായി തുടരുമ്പോള്‍ സമവായ ചര്‍ച്ചയ്ക്ക് ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി.

ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. പൂജകള്‍ വ്യാഴാഴ്ച രാവിലെ തുടങ്ങും. മണ്ഡലകാലത്തിനു മുമ്പുള്ള അവസാനത്തെ മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ പ്രധാന ഇടത്താവളമായ എരുമേലിയില്‍ സ്ത്രീകള്‍ക്കായുള്ള അടിസ്ഥാ സൗകര്യങ്ങള്‍ വളരെ പരിമിതം മാത്രമാണ്.

ദിനംപ്രതി ലക്ഷകണക്കിന് ഭക്തരെത്തുന്ന എരുമേലിയില്‍ വിശ്രമിക്കാനായുള്ളത് അഞ്ച് കേന്ദ്രങ്ങള്‍ മാത്രമാണ്. ആവശ്യത്തിനു ശുചിമുറികളില്ലാത്തതും സ്ഥിതി ദുരുതരമാക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാകാതെ നിസഹായരാണു ദേവസ്വം ബോര്‍ഡ്.

മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ സ്ത്രീകള്‍ക്കാവശ്യമായ കൂടുതല്‍ ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ശബരിമലയില്‍ മാത്രമല്ല എരുമേലി ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളിലും സുരക്ഷയും സൗകര്യങ്ങളും വര്‍ധിപ്പിക്കണം. നിലവിലെ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കു കൂടി പകുത്തു നല്‍കുക എന്നതു മാത്രമാണ് ഏക പോംവഴി.

കഴിഞ്ഞ മണ്ഡലകാലത്ത് ദിനംപ്രതി രണ്ടു ലക്ഷത്തിലേറെ ഭക്തര്‍ എരുമേലിയിലെത്തിയെന്നാണു കണക്ക്. മലയിലെത്തുന്നവര്‍ക്ക് താമസിക്കാന്‍ ദേവസ്വം ബോര്‍ഡ് വക ഉള്ളത് 700 പേര്‍ക്ക് വിശ്രമിക്കാനുള്ള അഞ്ച് ഷെല്‍ട്ടറുകളാണ്. 250 ശുചിമുറികളും 100ല്‍ താഴെ കുളിമുറികളും ഉണ്ട്. ഇതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി തല്‍ക്കാലം മാറ്റിവയ്ക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

പരമ്പരാഗത കാനനപാതയിലൂടെ സ്ത്രീകള്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ പേരുത്തോട്, അഴുത, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും എന്നതും സര്‍ക്കാരിന് തലവേദനയാകും. അതേസമയം, എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയേറ്റ് നടയില്‍ സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top