ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനു തിരിച്ചടി. ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഒക്ടോബര്‍ 29ന് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ഈ ഹര്‍ജിയെന്നും ഇതില്‍ പൊതുതാത്പര്യമില്ലായെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു.
എന്നാല്‍ റഫാല്‍ കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്നും ഹര്ജിക്കാരന് വാദിച്ചു. വിലയും സാങ്കേതിക കാര്യങ്ങളും പുറത്തായാല്‍ അതു രാജ്യസുരക്ഷയെ ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കരാര്‍ തുകയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി നിലപാടെടുത്തു.