തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ സര്‍ക്കാരിന് തിരിച്ചടി. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വസ്തുതകളും സര്‍ക്കാര്‍ പരിശോധിക്കണം. പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനം എടുത്തില് മന്ത്രി ടി.പി. രാമകൃഷ്ണനോട് വെള്ളിയാഴ്ച ചേര്‍ന്ന യോഗം അതൃപ്തി പ്രകടിപ്പിച്ചു.
പാര്‍ട്ടിയിലും, പുറത്തും തുറന്ന ചര്‍ച്ചയിലൂടെയാണ് മദ്യനയം മാറ്റി ബാറുകള്‍ തുറന്നത്. ആ സുതാര്യത ഡിസ്റ്റലറികളുടേയും ബ്രൂവറികളുടേയും കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ശ്രീചക്ര ഡിസ്റ്റിലറിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ട്. പവര്‍ ഇന്‍ഫോടെക്കിന് കിന്‍ഫ്രയില്‍ ഭൂമി അനുവദിച്ചതിലും സുതാര്യതയില്ല. തിടുക്കം കാട്ടി അനാവശ്യ വിവാദം വിളിച്ചുവരുത്തിയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇതിനിടെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ കനത്ത അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രൂവറി വിഷയത്തില്‍ ഒക്ടോബര്‍ 11ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.