Kerala

ഉത്പന്നത്തിനു പകരം ഉപഭോക്താവിനെ ശ്രദ്ധിക്കുക: മേക്കര്‍ വില്ലേജ് സെമിനാര്‍

കൊച്ചി: ഉപഭോക്താവിനനുസരിച്ചുള്ള ഉത്പന്നമുണ്ടാക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കണമെന്ന് കളമശ്ശേരി മേക്കര്‍ വില്ലേജില്‍ നടന്ന അന്താരാഷ്ട്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഉത്പന്നം പോലും ഉപഭോക്താവിനെ കിട്ടാതെ വിഷമിച്ചിട്ടുണ്ടെന്ന് ഗോ ടു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ് ഫോര്‍ സ്റ്റാര്‍ട്ടപ്‌സ് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ മികവ് മേക്കര്‍ വില്ലേജ് കാണിക്കുന്നുണ്ടെന്ന് പ്രശസ്ത മാനേജ്മന്റ് വിദഗ്ധയും അധ്യാപികയുമായ പ്രൊഫ. റൂത്ത് പി സ്റ്റീവന്‍സ് പറഞ്ഞു. മെച്ചപ്പെട്ട വിപണന തന്ത്രത്തിലൂടെ മേക്കര്‍വില്ലേജിനെ മറ്റൊരു തലത്തിലെത്തിക്കുമെന്നു കൊളംബിയ സര്‍വകലാശാല, എന്‍വൈയു സ്റ്റെണ്‍ സര്‍വകലാശാല, ഐഐഎം ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ അനുബന്ധ പ്രൊഫസര്‍ കൂടിയായ റൂത്ത് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പാണ് മേക്കര്‍ വില്ലേജെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മികച്ച വിപണന തന്ത്രങ്ങളുടെ സഹായത്തോടെ മേക്കര്‍ വില്ലേജിലെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സാധിക്കണം. അടുത്ത ആറു മാസത്തിനുള്ളില്‍ പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയിലേക്കെത്തും. വിദഗ്ധരെ ഉള്‍പ്പെടുത്തി മികച്ച വിപണന തന്ത്രം ആവിഷ്‌കരിക്കേണ്ട സമയമാണിത്. സാങ്കേതിക മികവിനപ്പുറത്തേക്കുള്ള വാണിജ്യപാഠങ്ങള്‍ സംരംഭകര്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഐഐഎം അഹമ്മദാബാദിലെ അധ്യാപകനായ പ്രൊഫ. പീയൂഷ് കുമാര്‍ സിന്‍ഹയും സെമിനാറില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top