നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കിസാന്‍ ക്രാന്തി പദയാത്ര നടത്തുന്ന കര്‍ഷകരുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന യാത്രയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കുനേരെ ഗാസിയാബാദില്‍ പോലീസ് ലാത്തി വീശിയിരുന്നു. കണ്ണീര്‍വാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു. പോലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കര്‍ഷകരുമായി ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.പി മന്ത്രിമാര്‍ക്കൊപ്പം താന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.