Kerala

ബാലഭാസ്‌കര്‍ യാത്രയായി; സംസ്‌കാരം നാളെ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) യാത്രയായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചാടിയുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. തേജസ്വിനിയുടെ മരണവാര്‍ത്ത ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും അറിയിക്കാതെയാണ് സംസ്‌കരിച്ചത്. ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍ നടത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.  അവിടെനിന്നും മൃതദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ സംസ്‌കരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top