തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റുകള് ഒരുക്കും. സ്ത്രീകള്‍ക്കായി നിര്‍മ്മിക്കുന്ന ശുചിമുറികള്‍ക്ക് പ്രത്യേകം നിറം നല്‍കും. നിലവില്‍ പമ്പയില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന കടവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കും.
നിലക്കല്‍ പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകളില്‍ ഇരുപത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ സീറ്റുകളില്‍ പുരുഷന്മാര്ക്ക് ഇരിക്കാനാകൂ. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കും. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും. തിരക്കൊഴിവാക്കാന്‍ സന്നിധാനത്തെ താമസം ഭക്തര്‍ ഒഴിവാക്കണം. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.