Business

കേരള ട്രാവല്‍മാര്‍ട്ട് ; വിസ്മയിപ്പിക്കുന്ന ടൂറിസം സ്വപ്‌ന പദ്ധതികള്‍

സമാനതകളില്ലാത്ത പ്രളയം കേരളത്തെ തൂത്തെറിഞ്ഞപ്പോള്‍ ടൂറിസം മേഖലയാണ് ഏറ്റവും വേഗം ഉയര്‍ത്തെഴുന്നേറ്റത്. അതിനുള്ള തെളിവാണ് പത്താമത് ട്രാവല്‍ മാര്‍ട്ട്. സംസ്ഥാനത്തെ ചെറുതും വലുതുമായ ഒട്ടേറെ ആകര്‍ഷകമായ വിനോദ സഞ്ചാര പദ്ധതികളിലേക്ക് വെളിച്ചം വീശുന്നതാണ് കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ട്.

പുരവഞ്ചിയും ഹോം സ്‌റ്റേയും ഫാം ടൂറിസവും കടല്‍ തീരവും മാമലകളും സമന്വയിപ്പിച്ച നിരവധി ടൂറിസം പദ്ധതികള്‍ മനോഹരമായി സന്നിവേശിപ്പിച്ച സ്റ്റോളുകള്‍ ടൂറിസത്തിന്റെ ഉയര്‍ന്നെഴുന്നേല്‍പ്പിന്റെ നേര്‍ച്ചിത്രമാണ്.

അറിയപ്പെടാത്ത മലബാറിന്റെ പുതുകാഴ്ചകള്‍ക്കാണ് ഇത്തവണത്തെ കെടിഎം ഏറെ പ്രാധാന്യം നല്‍കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വടക്കന്‍ കേരളത്തിലേക്കാണ് ഇനി വിദേശ വിനോദ സഞ്ചാരികള്‍ വന്നെത്താന്‍ പോകുന്നത്. ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്റ് ബേബി മാത്യു കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ട്രാവല്‍ മാര്‍ട്ടിലെ ഓരോ സ്‌റ്റോളുകളും കേരളത്തനിമ വിളിച്ചോതുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന് ടൂറിസത്തിന് 2000 കോടി രൂപയുടെ നഷ്ടം വന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് മിക്ക വിനോദ സഞ്ചാര വ്യവസായ രംഗത്തുള്ളവരും മേളക്കെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച പങ്കാളിത്തമാണ് ഈ വര്‍ഷം ട്രാവല്‍മാര്‍ട്ടിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നുമായി 1600ഓളം ബയര്‍മാരാണ് കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയത്. ലോകോത്തര ബയര്‍മാരെയും സെല്ലര്‍മാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേളയാണിത്. കേരള സംസ്ഥാന സര്‍ക്കാറും ടൂറിസം വ്യവസായ സംരഭകരും ഒത്തുചേര്‍ന്ന് നടത്തുന്ന ഒരപൂര്‍വ പദ്ധതിയെന്ന മറ്റൊരു ഖ്യാതിയും കേരള ട്രാവല്‍മാര്‍ട്ടിന് മാത്രം അവകാശപ്പെട്ടതാണ്.

പ്രതിസന്ധിയില്‍ നിന്ന് നമ്മള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന് ലോക വിനോദ സഞ്ചാര സംരഭകരെ അറിയിക്കാന്‍ ട്രാവല്‍ മാര്‍ട്ട് ഉപകരിച്ചു – പ്രദര്‍ശന സ്റ്റാള്‍ ഉടമയായ ജയമാരുതി ഹോളിഡേയ്‌സിന്റെ സാരഥി ആര്‍ ഉണ്ണിക്കൃഷ്ണന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു.

അതിജീവനത്തിനായി ചേന്ദമംഗലം കൈത്തറിക്കാരെ ചേറില്‍ കുതിര്‍ന്ന ചേക്കുട്ടി പാവയെ രൂപപ്പെടുത്തിയെടുത്ത ലക്ഷ്മി മേനോനും ട്രാവല്‍ മാര്‍ട്ടിന്റെ നടത്തിപ്പില്‍ ഏറെ സന്തുഷ്ടയാണ്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ 25 രൂപ വിലയുള്ള ചേക്കുട്ടിപ്പാവകള്‍ ട്രാവല്‍ മാര്‍ട്ടിന്റെ സ്റ്റാളില്‍ നിന്ന് വന്‍തോതിലാണ് വാങ്ങിക്കൊണ്ടുപോകുന്നത്. ഇതിനോടകം കേരളത്തിലുടനീളം നേരിട്ടും ഓണ്‍ലൈനായും പത്ത്‌ലക്ഷം ചേക്കുട്ടിപ്പാവകള്‍ വിറ്റുപോയി.

വിദേശത്തുനിന്ന് മാത്രം 545 പേര്‍ കേരള ട്രാവല്‍ മാര്‍ട്ടിന് എത്തിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ആസ്‌ട്രേലിയ, ബ്രിട്ടന്‍ അടക്കം 66 വിദേശ രാജ്യങ്ങളില്‍ നിന്നാണ് ബയര്‍മാര്‍ എത്തിയിട്ടുള്ളത്. നാന്നൂറോളം സ്റ്റാളുകളാണ് ഇത്തവണത്തെ കെടിഎമ്മിന്റെ മറ്റൊരു പ്രത്യേകത.

പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ചകള്‍ക്കുമപ്പുറം സംസ്ഥാനത്ത് എങ്ങനെ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കാമെന്ന വലിയൊരു സന്ദേശവും കേരള ട്രാവല്‍മാര്‍ട്ട് നല്‍കുന്നുണ്ട്.

ചിത്രങ്ങള്‍ : കേരള വിഷന്‍ ഓണ്‍ലൈന്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top