Kerala

ശബരിമല സ്ത്രീ പ്രവേശനം; സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിന്, തലപുകഞ്ഞ് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ചരിത്രവിധി സ്വാഗതാര്‍ഹമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിധി യാഥാര്‍ത്ഥ്യത്തിലേക്കെത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളില്‍ തലപുകയുകയാണ് ദേവസ്വം ബോര്‍ഡ്. അയ്യപ്പ ദര്‍ശനത്തിനായി ഇരുമുടികെട്ടുമേന്തി സ്ത്രീകള്‍ മല ചവിട്ടാനൊരുങ്ങുമ്പോള്‍ അവരുടെ സുരക്ഷ സര്‍ക്കാരിന് മുന്‍പില്‍ വലിയൊരു ചോദ്യചിഹ്നമാവുകയാണ്.

നിലവില്‍ പുരുഷന്‍മാര്‍ക്ക് മാത്രം ഒരുക്കിയിരുന്ന സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടിയും തയ്യാറാകുമ്പോള്‍ അതിന് വേണ്ടി വരുന്ന അധിക സാമ്പത്തികം തന്നെയാണ് സര്‍ക്കിരിനെ അലട്ടുന്ന ആദ്യ പ്രശ്‌നം. പ്രളയം പമ്പയെ വിഴുങ്ങിയതിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയാകാതിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ പ്രവേശനം ദേവസ്വം ബോര്‍ഡിന് തലവേദന തന്നെയാണ്.

നിലവില്‍ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുന്നത്. കോടതിവിധി അനുസരിച്ച് അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടിവരും. ഇത്തരമൊരു കോടതിവിധി ആദ്യമായതിനാല്‍ എത്ര സ്ത്രീകള്‍ ശബരിമലയിലേക്കെത്തുമെന്ന് ബോര്‍ഡിന് ധാരണയില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഇപ്പോള്‍ തന്നെ ശബരിമലയില്‍ എത്തുന്നുണ്ട്. അവരെ പമ്പയില്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയാണ് പതിവ്. കോടതിവിധിക്ക് ശേഷം ഇതര സംസ്ഥാനങ്ങളില്‍നിന്നു സ്ത്രീകളുടെ ഒഴുക്ക് തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

2011 ലെ സെന്‍സസ് അനുസരിച്ച് 1,73,78,649 സ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിന്റെ രണ്ടു ശതമാനം കണക്കാക്കിയാല്‍പോലും 3,47,572 സ്ത്രീകള്‍ ശബരിമലയിലെത്താം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ വനിതാ പൊലീസിനെ വിന്യസിക്കേണ്ടിവരും. അതുപോലെതന്നെ അധികമെത്തുന്ന പൊലീസുകാര്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ടിയുംവരും.

പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ നിലവില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമലയില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിലും തടസങ്ങളുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്നതാണ് ശബരിമലയിലെ വനഭൂമി. ക്ഷേത്ര വികസനത്തിനായി വനഭൂമി വിട്ടു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ പലപ്പോഴും തയാറായിരുന്നില്ല എന്നതും പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നു.

ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും. ശബരിമലയിലെ കോടതിവിധി പഠിച്ചശേഷം വിധിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് ദേവസ്വം കമ്മിഷണര്‍ എന്‍ വാസു പറയുന്നത്. അതേസമയം, ചില സംഘടനകള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നുണ്ട്.

ശബരിമലയിലെ പോലെതന്നെ വിശ്വാസങ്ങളാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം. എന്നാല്‍ ഇവിടെ, പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും പ്രവേശനമുണ്ട് സ്ത്രീകള്‍ക്ക് എല്ലാസമയങ്ങളിലും പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകള്‍ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. എന്നതാണ് പ്രത്യേകത. ശബരിമലയിലെ സുപ്രധാന വിധിക്ക് ശേഷം രാജരാജേശ്വരക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യചിഹ്നമാവുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top