വിപണി വ്യാഴാഴ്ചയും നഷ്ടത്തില്‍ നിന്ന് കരകയറിയില്ല. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കിങ് ഓഹരികളെല്ലാം നഷ്ടത്തിലായി.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഓഹരികള്‍ക്കും തിരിച്ചടിയേറ്റു. എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ്, ജെറ്റ് ഇന്ധനം തുടങ്ങിയ 19 അത്യാവശ്യസാധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതാണ് ഈ രംഗത്തെ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റത്. വോള്‍ട്ടാസ്, ഹാവല്‍സ് ഇന്ത്യ തുടങ്ങിയ ഓഹരികളുടെ വില വന്‍തോതില്‍ ഇടിഞ്ഞു. നിഫ്റ്റിയിലെ ഫാര്‍മ്മ സൂചികയിലും കുറവ് രേഖപ്പെടുത്തി.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തിയത് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലിശനിരക്കില്‍ 0.25 ശതമാനമാണ് വര്‍ദ്ധനവ് വന്നിരിക്കുന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് പലിശനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് അമേരിക്കയില്‍ നിക്ഷേപിക്കാന്‍ സാധ്യത കൂടും.
ഏഷ്യന്‍ വിപണികള്‍ ഇന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജപ്പാന് കാറുകള്‍ക്ക് ഇറക്കുമതി നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന യുഎസ് വാഗ്ദാനം ജപ്പാന് വിപണിക്ക് കരുത്തേകി.