Film News

തീവണ്ടിയിലെ ‘ജീവാംശമായ്’ ഗാനം കോപ്പിയടിച്ചത് തന്നെ; തുറന്ന് സമ്മതിച്ച് സംഗീത സംവിധായകന്‍

ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ നാവിന്‍തുമ്പില്‍ ഈണമായി മാറിയ തീവണ്ടിയിലെ ‘ജീവാംശമായ്’ എന്ന ഗാനം കോപ്പിയടിച്ചത് തന്നെയെന്ന് തുറന്നു സമ്മതിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. തീയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ പാട്ടിനെ കുറിച്ചുള്ള ഈ ആരോപണം വെളിപ്പെടുത്തിയതും കൈലാസ് തന്നെയാണ്.

റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രത്തിലെ പാട്ട് എന്നതിലുപരി മലയാളത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ഗാനം കോപ്പിയടിച്ചതാണെന്ന് സമ്മതിക്കുമ്പോള്‍ വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും വമ്പന്‍ കോളങ്ങള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കിയാണ് കൈലാസിന്റെ ഈ വെളിപ്പെടുത്തല്‍.

സംഭവം വേറൊന്നുമല്ല, കൈലാസ് കോപ്പിയടിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഈണമാണ്. അഞ്ച് വര്‍ഷം മുന്‍പ് ലുലുവിന്റെ പരസ്യ ചിത്രത്തിന് വേണ്ടി കൈലാസ് തന്നെ ഒരുക്കിയ സംഗീതമാണ് ജീവാംശമായി മലയാളികളിലെത്തിയിരിക്കുന്നത്. അത് മറ്റാരെങ്കിലും പൊക്കിയെടുത്ത് ഒരു കോളിളക്കത്തിന് വഴിയൊരുക്കണ്ട എന്ന് കരുതിയാവാം കൈലാസ് ‘കുറ്റസമ്മതം’ നടത്തിയത്.

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ…ഇത് ഞാന്‍ തന്നെയാണ്! എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയായിരുന്നു കൈലാസിന്റെ വെളിപ്പെടുത്തല്‍. ലുലുവിനു വേണ്ടി ചെയ്ത മ്യൂസിക് എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി അവതരിപ്പിക്കണം എന്ന് മനസില്‍ കോറിയിട്ടിരുന്നതായി കൈലാസ് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ടൊവിനോ തോമസ് നായകനായെത്തി തീയേറ്ററുകളില്‍ ഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ‘തീവണ്ടി’യില്‍ സംയുക്ത മേനോനാണ് നായിക. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പാട്ടിലെ ദൃശ്യങ്ങളിലും ടൊവീനോയും സംയുക്തയുമാണ് നിറഞ്ഞു നില്‍ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top