കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ (39) ആശുപത്രിയിലെത്തിച്ച് ചികിത്സ തുടങ്ങിയതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു.
ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയിലാണ് അഭിലാഷ് ഇപ്പോഴുള്ളത്. പരിക്ക് ഗുരുതരമല്ല, അദ്ദേഹം ആഹാരം കഴിക്കുന്നുണ്ടെന്നും സംസാരിച്ചതായും നാവികസേന വ്യക്തമാക്കി. തിങ്കളാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തിലെ അപകടസ്ഥലത്തുനിന്ന് അഭിലാഷിനെ രക്ഷിച്ച ഫ്രഞ്ച് കപ്പലായ ഒസിരിസ് ചൊവ്വാഴ്ച രാവിലെയാണ് ആംസ്റ്റര്‍ഡാം തീരത്തടുത്തത്.
അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന് ഗ്രിഗര്‍ മക്ഗുകിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതരാമന് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 21നാണ് തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പെട്ടത്.