Business

കേരള ട്രാവല്‍ മാര്‍ട്ടിന് വ്യാഴാഴ്ച തുടക്കമാകും

ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് വ്യാഴാഴ്ച തുടക്കമാകും. ബോള്‍ഗാട്ടി ഐലന്റിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

വൈകീട്ട് ആറുമണിക്ക് സാംസ്‌കാരിക പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. 7 മണിക്ക് മുഖ്യമന്ത്രി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ടുറിസം സഹമന്ത്രി കെ.ജെ അല്‍ഫോണ്‍സ് മുഖ്യാതിഥിയാകും.

പ്രളയത്തില്‍ നിന്നും സംസ്ഥാനം നടത്തിയ അതിജീവനത്തിന്റെ നേര്‍സാക്ഷ്യം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് പത്താമത് കെടിഎമ്മിനെ സംസ്ഥാന സര്‍ക്കാറും സംഘാടകരും കാണുന്നത്. ലോക വിനോദ സഞ്ചാരദിനമായ സെപ്തംബര്‍ 27ലെ ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക, സാഗരിക കണ്‍വെന്‍ഷന്‍ സെന്ററുകളിലാണ് വാണിജ്യ കൂടിക്കഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന മേള നടക്കുന്നത്.

ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി 1600ഓളം ബയര്‍മാരാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനെത്തുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികളും പ്രതിനിധികളുമടങ്ങുന്നതാണ് ബയര്‍മാരുടെ സംഘം.

വിദേശത്ത് നിന്നു മാത്രം 545 പേര്‍ കേരള ട്രാവല്‍ മാര്‍ട്ടിനെത്തുന്നുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ആസ്‌ട്രേലിയ, ബ്രിട്ടണ്‍ അടക്കം 66 വിദേശ രാജ്യങ്ങളില്‍ നിന്നാണ് ബയര്‍മാര്‍ എത്തുന്നത്. ഇതുകൂടാതെ 1090 ആഭ്യന്തര ബയര്‍മാരും മേളയ്ക്കായി എത്തും. നാന്നൂറോളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിദേശത്തു നിന്നും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി 50ഓളം മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.

പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ചകള്‍ക്കുമപ്പുറം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല് ശില്പശാലയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ട്രാവല്‍മാര്‍ട്ടിന് മികച്ച പ്രതികരമാണ് ലഭിക്കുന്നതെന്ന് സൊസൈറ്റിയുടെ പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. മുന്‍ ട്രാവല്‍മാര്‍ട്ടിനേക്കാള്‍ എണ്‍പതോളം സ്റ്റാളുകള്‍ ഈ വര്‍ഷം അധികമായിട്ടുണ്ട്.
അന്തര്‍ദേശീയ ബയേര്‍സിന്റെ പങ്കാളിത്തത്തില്‍ 125 ശതമാനവും പ്രാദേശിക ബയേഴ്‌സില്‍ 75 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ബേബി മാത്യു വ്യക്തമാക്കി. യോഗ, മലബാര്‍ മേഖല, ഉത്തരവാദിത്വ ടൂറിസം എന്നീ വിഷയങ്ങളിലാണ് ഈ വര്‍ഷം കെടിഎം കൂടുതല്‍ ശ്രദ്ധയൂന്നുന്നത്.

രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്ത്യയിലെ ഏറ്റവുംവലിയ പ്രദര്‍ശനമാണ് ട്രാവല്‍മാര്‍ട്ടിന് ഒരുക്കിയിരിക്കുന്നതെന്ന് കെടിഎം സെക്രട്ടറി ജോസ് പ്രദീപ് പറഞ്ഞു. പ്രതിവര്‍ഷം 34,000 കോടി രൂപ വിറ്റുവരവുള്ള കേരള ടൂറിസം മേഖലയ്ക്ക് 20 ശതമാനം അധികം വിറ്റുവരവ് കേരള ട്രാവല്‍മാര്‍ട്ട് മുഖേന ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top