കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തിന് അവസാനഘട്ട പരിശോധനകള്‍ മാത്രം ശേഷിക്കവേ പുതിയ പ്രതീക്ഷകള്‍ ചിറക് വിരിക്കുന്നു. കണ്ണൂരിന്റെ പ്രത്യേകിച്ച് വടക്കന്‍ കേരളത്തിന്റെ സമ്പദ് മേഖലയ്ക്ക് വാനോളം പ്രതീക്ഷ നല്കുന്ന വിമാനത്താവളം ഒക്ടോബര്‍ മാസം അവസാനം സഫലമാകുന്നതോടെ പുതിയൊരു ടേക്ക് ഓഫിന് കണ്ണൂര്‍ തയ്യാറാകും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസന്‍സ് കിട്ടുന്നതിനായുള്ള അവസാന പരിശോധനയ്ക്ക് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ഇന്ന് വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. രണ്ട് ദിവസംകൊണ്ട് പരിശേധന പൂര്‍ത്തിയാകും. പരിശോധന വിജയകരമായി പൂര്‍ത്തിയായാല്‍ ഒക്ടോബര്‍ അവസാന വാരം വാണിജ്യപരമായി വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കും.
ഇതിനോടകം എയര്‍ ഇന്ത്യ സര്‍വീസ് സംബന്ധിച്ച ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകളാവും ആദ്യം ആരംഭിക്കുന്നത്.
എയര്‍ ഇന്ത്യയ്ക്ക് പുറമെ ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളും താമസിയാതെ സര്‍വീസ് ആരംഭിക്കും.