മുംബൈയില്‍ കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാങ്വിയുടെ മൃതദേഹം കണ്ടെത്തി. മുംബൈ കല്യാണില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സെപ്തംബര്‍ 5നാണ് സിദ്ധാര്‍ഥ് കിരണ്‍ സാങ്വിയെ കാണാതായത്.
സിദ്ധാര്‍ഥ് സാങ്വിയെ കൊലപ്പെടുത്തിയതാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. നവി മുംബൈയിലെ ഡ്രൈവറായ ഇരുപതുകാരന് സര്ഫാര്സ് ഷെയ്ഖ് ആണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പേരുടെ പേരുകളും ഇയാള്‍ പോലീസിന് നല്‍കിയതായാണ് വിവരം.
ലോവര്‍ പരേലിലെ കമല മില്‍ കോംപൗണ്ടിലെ പാര്‍ക്കിംഗ് പ്രദേശത്ത് വെച്ചാണ് സിദ്ധാര്‍ഥിനെ കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തനിക്ക് നിര്‍ദേശം നല്‍കിയെന്നും മോഷണശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നും സര്‍ഫാസ് ഷെയ്ഖ് മൊഴി നല്കി. അതേസമയം കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.