വന്‍ താര നിരയുമായി സംവിധായകന് ആഷിഖ് അബുവിന്റെ പുതിയ ചിത്രം. ടൈറ്റില്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്താണ് ആഷിഖ് തന്റെ പുതിയ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നും ആഷിഖ് വ്യക്തമാക്കി.
രേവതി. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്, ആസിഫ് അലി, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് , ചെമ്പന്‍ വിനോദ് എന്നിവരൊക്കെ ചിത്രത്തില്‍ അണിനിരക്കും. രാജീവ് രവിയാണ് ഛായാഗ്രഹണം. മുഹസിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് വൈറസിന് തിരക്കഥയൊരുക്കുന്നത്.
കേരളത്തെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് ബാധയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് പ്രചരണങ്ങള്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണങ്ങള്‍ ഇല്ല. നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ച് രോഗബാധിതയായി മരണമടഞ്ഞ നഴ്സ് ലിനിയുടെ ജീവിതമാകും ചിത്രത്തിന്റെ മുഖ്യ പ്രമേയം എന്നാണ് സൂചനകള്‍. സംവിധായകന് ജയരാജും നിപ വൈറസ് ബാധയെപ്പറ്റി സിനിമയൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.