Kerala

പ്രളയത്തിലൊഴുകിയെത്തി പ്രിയങ്കരിയായി

പ്രളയം കൂനന്മാവിനെ അക്ഷരാര്‍ഥത്തില്‍ വിഴുങ്ങിയപ്പോള്‍ കോട്ടുവള്ളിപ്പുഴ നീന്തിക്കടന്നാണ് ഉല്ലാസ് വീട്ടിലേക്ക് എത്തിയത്. പുഴയിലെ കുത്തൊഴുക്കില്‍ നീന്തിക്കയറുമ്പോള്‍ പെട്ടെന്ന് ഉല്ലാസിന്റെ കണ്ണില്‍ പ്രളയത്തില്‍ ഒഴുകി മരച്ചില്ലകളില്‍ പിടിച്ച് തളര്‍ന്ന് കിടക്കുന്ന ഒരു ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ കണ്ടത്. കഷ്ടിച്ച് ഒരു വയസ്സ് തോന്നിക്കുന്ന ഭംഗിയുള്ള പെണ്‍നായ. നീന്തിച്ചെന്ന് തൊടാന്‍ ശ്രമിച്ചപ്പോള്‍ തളര്‍ന്ന ശബ്ദത്തില്‍ നായയൊന്ന് കുരച്ചു. നായയുടെ ദൈന്യത കണ്ടപ്പോള്‍ത്തന്നെ ഒന്നുരണ്ട് ദിവസമായി അതൊന്നും കഴിച്ചിട്ടില്ലെന്ന് ഉല്ലാസിന് മനസ്സിലായി.

അടുത്തുള്ള ക്യാമ്പില്‍ ചെന്ന് മിച്ചം വന്ന ചോറുമായി ഉല്ലാസ് തിരികെ ചെന്നപ്പോഴും മരച്ചില്ലയില്‍ ചുറ്റിപ്പിടിച്ച് നായ അവിടെത്തന്നെയുണ്ടായിരുന്നു. ചോറു നല്‍കിയപ്പോള്‍ ആര്‍ത്തിയോടെ കഴിച്ചു. പിന്നെ സാവധാനം ഉല്ലാസുമായി ചങ്ങാത്തത്തിലായി. എന്തും വരട്ടേയെന്ന് കരുതി തലോടിയപ്പോള്‍ നായ കൂടുതലടുത്തു. പിന്നെ അവളേയും
കൊണ്ട് ഉല്ലാസ് പ്രളയം മുക്കിക്കളഞ്ഞ വീടിന്റെ ടെറസിലെത്തി. അവളെ അവിടെ സൂക്ഷിച്ചു. താറാവിന് കൊടുക്കാന്‍ സൂക്ഷിച്ചിരുന്ന തീറ്റയുണ്ടായിരുന്നത്‌കൊണ്ട് ഭക്ഷണം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

വെള്ളം താഴ്ന്നതോടെ ഉല്ലാസിന്റെ വീട്ടിലെത്തിയ കൂട്ടികളോട് അവള്‍ ചങ്ങാത്തത്തിലായി. ഉടമസ്ഥനെ അന്വേഷിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പക്ഷെ ആരും ഇതുവരെ അന്വേഷിച്ചെത്തിയിട്ടില്ല. പട്ടികളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഉല്ലാസിനും നായ പ്രിയപ്പെട്ടവളായി. വീടും നാടും അറിയാത്ത നായയെ കുട്ടികള്‍ ഇപ്പോള്‍ പുതിയ പേര് നല്‍കി വിളിക്കും. ബ്രൗണി എന്ന് വിളിക്കുമ്പോള്‍ അവള്‍ ചെവികൂര്‍പ്പിച്ച് നോക്കും. പക്ഷെ അതവന്റെ പേരല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

[KGVID]http://keralavisiontv.com/wp-content/uploads/2018/09/WhatsApp-Video-2018-09-03-at-3.15.05-PM.mp4[/KGVID]

എന്നെങ്കിലും അവളുടെ ഉടമസ്ഥന്‍ വന്നാല്‍ , ഉടമസ്ഥനെ തിരിച്ചറിഞ്ഞാല്‍ മടക്കി നല്‍കാന്‍ ഉല്ലാസ് തയ്യാറാണ്. പക്ഷെ ഇന്നവള്‍ അവരുടെ മുത്താണ്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top