ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പത്ത് വര്‍ഷമായി ജോലി ചെയ്യുന്നവരെ ഉള്‍പ്പടെയാണ് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി പിരിച്ചുവിട്ടത്. എന്നാല്‍ പിരിച്ചുവിട്ടവരെ ഇതര കാറ്റഗറികളില്‍ പുനര്‍വിന്യസിക്കുമെന്ന് മാനേജ്മെന്റ് പറയുന്നുണ്ടെങ്കിലും പെട്ടന്നുളള പിരിച്ചുവിടല്‍ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബ്ലാക്ക് സ്മിത്ത്, അപ്ഹോള്‍സ്റ്ററി, പെയിന്റര്‍ എന്നീ വിഭാഗങ്ങളില്‍ ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. ബോഡി നിര്‍മ്മാണം ഏജന്‍സിക്ക് നല്കിയതിനാല് ഇവര്‍ക്ക് ജോലിയില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ വിശദീകരണം.
ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി നാല്‍പ്പത് ശതമാനത്തോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഡീസല്‍ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി 185 കോടിയോളം കുടിശ്ശികയായി നല്‍കാനുണ്ട്. ഡീസല്‍ കമ്പനികള്‍ കൂടുതല്‍ കടം നല്‍കാതായതോടെയാണ് ഇന്ധനക്ഷാമം തുടങ്ങിയത്. ഇതോടെയാണ് സര്‍വീസ് വെട്ടിച്ചുരുക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് നിര്‍ബന്ധിതരായത്.