Kerala

മഴക്കെടുതി : സംസ്ഥാനത്തെ പല സ്ഥലങ്ങളിലേയും ഗതാഗതം സ്തംഭിച്ചു

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗതം സ്തംഭിച്ചു. പെരിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആലുവ വഴിയുള്ള ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ പലതും വെള്ളക്കെട്ടില്‍ കുടുങ്ങികിടക്കുന്നുണ്ട്.

ആലുവ വഴിയുളള ദേശീയപാതയിലടക്കം നാവികസേന ബോട്ട് ഇറക്കി രക്ഷാപ്രവര്‍ത്തനം തുടങ്ങി. തൃശ്ശൂര്‍-കുന്നംകുളം പാതയില്‍ വാഹനങ്ങള്‍ ഇറക്കരുതെന്ന് പോലീസ് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തീവണ്ടി ഗതാഗതവും പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന എല്ലാ തീവണ്ടികളും നിര്‍ത്തിവച്ചു. കന്യാകുമാരി കുഴിത്തറയില്‍ മണ്ണിടിഞ്ഞുവീണതും തീവണ്ടി ഗതാഗതത്തെ ബാധിച്ചു. എറണാകുളം ഭാഗത്തേക്കുള്ള എല്ലാ തീവണ്ടികളും കഴിഞ്ഞ ദിവസം രാത്രി തന്നെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ അധികൃതര്‍.

വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രാവിലെ പാലക്കാട് റൂട്ടിലെ കുതിരാനിലും മണ്ണിടിച്ചിലുണ്ടായി. സ്ഥലത്ത് വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് രക്ഷപ്രവര്‍ത്തകര്‍ക്ക് ദുരിതപ്രദേശങ്ങളിലെത്തി രക്ഷിക്കാനുമാകുന്നില്ല. കുതിരാനില്‍ കനത്ത മഴ തുടരുകയാണ്.

കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടിലും ഗതാഗതം നിലച്ചു. കണിമംഗലം-പാലയ്ക്കല്‍ പാടശേഖരം നിറഞ്ഞ് വെള്ളം തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് കയറിയതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. തൃശ്ശൂര്‍-ചേര്‍പ്പ്-തൃപ്രയാര്‍ റൂട്ടിനെ ചിറക്കലില്‍ റോഡില്‍ കനത്ത വെള്ളക്കെട്ടായി. ജില്ലയുടെ ഉള്‍നാടന്‍ മേഖലകളിലും ബസ് ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. ചാലക്കുടിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

എം.സി റോഡില്‍ വെളളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഇതു വഴി യാത്രകള്‍ ഒഴിവാക്കണമെന്ന് എറണാകുളം റോഡ്‌സ് ഡിവിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആലുവ-അങ്കമാലി പാതയില്‍ രാവിലെ മുതല്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പത്തനംതിട്ട, റാന്നി പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top