Breaking News

സംസ്ഥാനത്ത് ദുരന്തം വിതച്ച് പ്രളയക്കെടുതി; 18 വരെ കനത്തമഴ

സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു. പ്രളയക്കെടുതിയില്‍ ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി ആറ് പേര്‍ മരിച്ചു.  മണ്ണിടിഞ്ഞ് വീണ് കൊണ്ടോട്ടിയില്‍ രണ്ടു പേരും മൂന്നാറില്‍ ഒരാളും മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കൈതക്കുണ്ട് സ്വദേശി അനീസും ഭാര്യ സുനീറയുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരു കുട്ടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയുണ്ട്.

അതേസമയം മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ജീവനക്കാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മദനനാണ് മരിച്ചത് . ഇടുക്കി കീരിത്തോടില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇടുക്കിയില്‍ വീട്ടില്‍ വെള്ളം കയറി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് മല്‍സ്യത്തൊഴിലാളി രവീന്ദ്രന്‍ മരിച്ചത്.

18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. ചരിത്രത്തിലാദ്യമായി 33 ഡാമുകള്‍ ഒരേസമയം തുറന്നു. പമ്പ, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. നദീ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകി വിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top