Breaking News

കാവ്യഭംഗിയെ കാലികപ്രസക്തിയുമായി കൂട്ടിയിണക്കിയ കവി ; ചെമ്മനം ചാക്കോ ഇനി ഓര്‍മകളില്‍

കവിയും അധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോ (92) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളത്തിലെ വിമര്‍ശനഹാസ്യസാഹിത്യയത്തിലെ വര്‍ത്തമാനകാലത്തെ കുലപതിയായി അറിയപ്പെട്ടിരുന്ന സാഹിത്യകാരനാണ് ചെമ്മനം.

കോട്ടയം വൈക്കം മുളക്കുളത്ത് വൈദികനായിരുന്ന യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് ഏഴിന് ജനിച്ചു. കുടുംബ പേരാണ് ചെമ്മനം. പിറവം സെന്റ് ജോസഫ്സ് ഹൈസ്‌ക്കൂള്‍, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.

വിമര്‍ശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1977 ല്‍ പ്രസിദ്ധീകരിച്ച ‘രാജപാത’ എന്ന കാവ്യ സമാഹരത്തിനാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത്.

പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വ്വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപനായി സേവനമനുഷ്ഠിച്ചു. 1968 മുതല്‍ 86 വരെ കേരള സര്‍വ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.

കേരള സാഹിത്യ അക്കാദമി, ഓഥേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വാഹക സമിതി അംഗം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്

കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ രചനകളെ ശ്രദ്ധേയമാക്കിയത്.

മുപ്പതോളം കവിതാ സമാഹാരങ്ങള്‍, ബാലകവിതകള്‍, ബാലകഥകള്‍. പരിഭാഷ വിമര്‍ശന ലേഖനങ്ങള്‍, ചെറുകഥാ സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ ചെമ്മനം ചാക്കോ രചിച്ചിട്ടുണ്ട്.

മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top