കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു.
ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യം ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.