sunday feature

പച്ചിലച്ചാറില്‍ ചാലിച്ച പുണ്ഡരീകപുരത്തെ ചുമര്‍ചിത്രങ്ങള്‍

പ്രീമ സി ബേബി

പ്രമുഖ മലയാള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം എന്ന വിശേഷണത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നൊരു കൊച്ചുപട്ടണം. അതാണ് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്. എന്നാല്‍ ഈ വിശേഷണത്തില്‍ മാത്രം ഒതുക്കാനുള്ളതല്ല അവിടം. കാരണം മറ്റൊന്നുമല്ല, തനതുകേരള സംസ്‌ക്കാരത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഇപ്പോഴും അങ്ങിങ്ങായി ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ പ്രസിദ്ധിയും പ്രശസ്തിയും അര്‍ഹിക്കുന്ന ചരിത്രശേഷിപ്പുകള്‍ പുറംലോകം അറിയപ്പെടാതെ പോകരുത്.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മിടായിക്കുന്നം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് അധികമാര്‍ക്കും കേട്ടുകേള്‍വി കാണില്ല. എനിക്കും അങ്ങനെ തന്നെയായിരുന്നു. നല്ല സുഹൃദ്ബന്ധങ്ങള്‍ സൂക്ഷിക്കുന്ന എനിക്ക് ജെറിന്‍ എന്ന സുഹൃത്തില്‍ നിന്നാണ് പുണ്ഡരീകപുരം ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി അറിയാന്‍ കഴിഞ്ഞത്. അപൂര്‍വ്വമായി വീണുകിട്ടിയൊരു അവസരമായിരുന്നു ആ പുണ്യസ്ഥലത്തേക്കുള്ള യാത്ര…അത് എന്നില്‍ മാത്രം ഒതുക്കാന്‍ ഉള്ളതല്ല…

ചരിത്രരചനകളുടെ ഏടുകളില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട പേരുതന്നെയാണ് 600 കൊല്ലങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച പുണ്ഡരീകപുരം ക്ഷേത്രത്തിന്റേത്. ശ്രീകോവിലിനകത്തെ മനോഹരമായ ചുമര്‍ചിത്രങ്ങളാല്‍ വിഖ്യാതമാണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം. വെറും ചിത്രങ്ങളല്ല, പച്ചിലച്ചാറുകൊണ്ട് രചിച്ചിട്ടുള്ള ഈ ചുമര്‍ചിത്രങ്ങള്‍….

പുണ്ഡരീകപുരം ശ്രീകോവില്‍

കേട്ടറിഞ്ഞതിലുപരി ദിവ്യതേജസ്സില്‍ പരിപാവനമായ ക്ഷേത്രസന്നിധിയിലെത്താനും വിഖ്യാതമായ ചുമര്‍ചിത്രങ്ങളെക്കുറിച്ചറിയാനുമായി പിന്നെ തിടുക്കം. സ്ഥലം പരിചിതമല്ലാതിരുന്നതിനാല്‍ യാത്രയില്‍ സുഹൃത്ത് ജെറിനെയും കൂടെ കൂട്ടി. ജെറിന്റെ രണ്ട് സുഹൃത്തുക്കളും ഒപ്പം കൂടി. എല്ലാവരും ക്ഷേത്രപരിസരത്തുള്ളവരായതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. അവരുടെ സഹായത്തോടെ ചുമര്‍ചിത്രങ്ങളെക്കുറിച്ചറിയാന്‍ ആദ്യം സമീപിച്ചത് പുണ്ഡരീകപുരം ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ ഡി ദേവരാജന്റെ അടുക്കലായിരുന്നു. അദ്ദേഹത്തില്‍ നിന്നു തന്നെ ക്ഷേത്രത്തെക്കുറിച്ചും അതിനകത്തെ ചുമര്‍ചിത്രത്തെക്കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചു.

പ്രകൃതിഭംഗി കൊണ്ടും പലതരം വൃക്ഷങ്ങളാലും ചെടികളാലും വശ്യതയാര്‍ന്ന പുണ്ഡരീകപുരം ക്ഷേത്രം. പുണ്യപരിപാവനമായ ക്ഷേത്രമുറ്റത്ത് പ്രവേശിക്കുമ്പോള്‍ തന്നെ മനസ്സ് ശാന്തമാകും. ചെറിയൊരു ബലിക്കല്‍പ്പുര, അതു കഴിഞ്ഞാല്‍ ഒരു നാലമ്പലം, കല്ലില്‍ ചെത്തിയെടുത്ത ഒരു നമസ്‌ക്കാരമണ്ഡപം, ചുമര്‍ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ശ്രീകോവില്‍… ഇതാണ് പുണ്ഡരീകപുരം ക്ഷേത്രം.

പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രം

പുണ്ഡരീകപുരത്തെ പ്രതിഷ്ഠാവിഗ്രഹത്തിനുമുണ്ട് മറ്റെങ്ങുമില്ലാത്ത പ്രത്യേകത. ഒറ്റ കരിങ്കല്ലില്‍ തന്നെ ഭഗവാന്‍ ശ്രീകൃഷ്ണന്‍, പ്രിയപത്‌നി സത്യഭാമ, വാഹനമായ പക്ഷിരാജാവ് ഗരുഡന്‍ എന്നീ മൂന്ന് ദിവ്യരൂപങ്ങള്‍ കൊത്തിയിരിക്കുന്ന ഒരു അപൂര്‍വ്വ വിഗ്രഹം.

1979ല്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകങ്ങളിലൊന്നായി ക്ഷേത്രം ഏറ്റെടുത്തത് ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളുടെ സവിശേഷതയാലാണ്. പച്ചിലച്ചാറും പഴച്ചാറുകളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ചിത്രങ്ങളുടെ കൂട്ട് കണ്ടുപിടിക്കാന്‍ ഇതുവരെ ആയിട്ടില്ല. വിഖ്യാത ചിത്രകാരന്‍ രാജാ രവി വര്‍മ്മയ്ക്കും ഇതിന്റെ കൂട്ട് മനസ്സിലാക്കാനായിട്ടില്ലെന്ന് ചരിത്രം പറയുന്നു.

ശ്രീരാമ പട്ടാഭിഷേകം

ദീര്‍ഘചതുരാകൃതിയില്‍ പൊളിച്ചെടുത്ത കരിങ്കല്‍പ്പാളികള്‍ ചേര്‍ത്തുണ്ടാക്കിയ ഭിത്തിയില്‍ തേച്ച കുമ്മായത്തിലാണ് വര്‍ണ്ണചിത്രങ്ങള്‍ വരച്ചുവെച്ചിരിക്കുന്നത്. ആകെ എട്ട് വലിയ ചിത്രങ്ങളും ഇരുപതിലേറെ ചെറിയ ചിത്രങ്ങളും. തികച്ചും അദ്ധ്യാത്മികമായ ഈ ചിത്രങ്ങളില്‍ ഭഗവാന്റെ വിവിധ ലീലകളാണ് ആലേഖനം ചെയ്തിരിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ മാത്രമല്ല, അയ്യപ്പ സ്വാമിയുടെ, ശ്രീരാമദേവന്റെയെല്ലാം വ്യത്യസ്ത ഭാവങ്ങളുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കല്പവൃക്ഷചുവട്ടില്‍ വിശ്രമിക്കുന്ന ശിവപാര്‍വ്വതിമാരുടെ ചിത്രീകരണത്തോടെയാണ് ചിത്രപരമ്പര ആരംഭിക്കുന്നത്. തുടര്‍ന്ന് മഹിഷാസുരനെ വധിക്കാന്‍ ഒരുമ്പെടുന്ന ദുര്‍ഗ്ഗ, സുന്ദരയക്ഷി അങ്ങനെ പോകുന്നു ചിത്രങ്ങള്‍.

സുന്ദരയക്ഷി, ശങ്കരനാരായണന്‍, അര്‍ദ്ധനാരീശ്വരന്‍

ഇതില്‍ കിഴക്കേ ഭിത്തി അവസാനിക്കുന്നിടത്ത് ചിത്രീകരിച്ചിരിക്കുന്ന വേട്ട ശാസ്താവിന്റെയും പരിവാരങ്ങളുടെയും ചിത്രം പുണ്ഡരീകപുരത്തെ ചിത്രങ്ങില്‍ വച്ച് ഏറ്റവും ശ്രദ്ധയമായ ചിത്രമാണ്. യുനെസ്‌കോയുടെ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് ചുമര്‍ചിത്രങ്ങളില്‍ ഒരെണ്ണം ആണിത്.

വേട്ടശാസ്താവ്

വേലിമാംകോവില്‍ മനയുടെ ഉടമസ്ഥാവകാശത്തിലുള്ള ക്ഷേത്രത്തിലെ ഈ ചുമര്‍ചിത്രങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ അത്ര എളുപ്പമല്ല. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവിലോ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആണ് പുണ്ഡരീകപുരം ചിത്രങ്ങളുടെ നിര്‍മ്മാണകാലം എന്ന് അനുമാനിക്കാനേ കഴിയൂ. വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും ചിത്രങ്ങള്‍ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മഹിഷാസുരമര്‍ദ്ധിനി

ഈ ചുമര്‍ചിത്രങ്ങളുടെ സൃഷ്ടിയുടെ പിന്നിലും രസകരമായ ഒരു കഥ പ്രചാരത്തിലുണ്ട്. അതിനെപ്പറ്റി വിശദമാക്കിയത് പുണ്ഡരീകപുരം ക്ഷേത്രം മേല്‍ശാന്തി പുനം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ്.

ഒരു ദിവസം സായംസന്ധ്യയില്‍ മൂന്ന് ദേശാടനസന്യാസിമാര്‍ വേലിമാംകോവില്‍ ഇല്ലത്ത് വരികയും ഒരു ദിവസത്തെ ഭക്ഷണവും താമസസൗകര്യവും ആവശ്യപ്പെടുകയും ചെയ്തു. ഇല്ലത്തെ അന്നത്തെ കാരണവര്‍ അതിഥികളെ വേണ്ടപോലെ സല്‍ക്കരിക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ കിടക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. അടുത്ത ദിവസം പ്രഭാതത്തില്‍ ക്ഷേത്രത്തില്‍ സന്യാസിമാരെ കണ്ടതില്ല എന്നു മാത്രമല്ല ശ്രീകോവിലിന്റെ ചുമരില്‍ അതിമനോഹരങ്ങളായ ചിത്രങ്ങള്‍ കാണുകയും ചെയ്തുവത്രേ. സന്യാസിമാരുടെ വേഷം ധരിച്ചുവന്നത് സാക്ഷാല്‍ അശ്വനി ദേവതകള്‍ തന്നെയായിരുന്നുവെന്ന് അന്നും ഇന്നും ഭക്തര്‍ വിശ്വസിച്ചുപോരുന്നു.

ശിവപാര്‍വ്വതി

മറ്റ് ചുമര്‍ചിത്രങ്ങളില്‍ നിന്നും പുണ്ഡരീകപുരം വ്യത്യസ്തമാകുന്നത് പച്ചിലച്ചാറുകളാലും പഴച്ചാറുകളാലും വരച്ച ചിത്രങ്ങളായതിനാലാണ്. അവ നശിച്ചുപോകാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ് എന്ന ഉറച്ച തീരുമാനത്തോടെ പരിപാവനമായ ക്ഷേത്രസന്നിധിയില്‍ നിന്നും തിരികെ നടന്നു.

വേലിമാംകോവില്‍ വാസുദേവന്‍ നമ്പൂതിരിയാണ് പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ നിലവിലെ മാനേജര്‍. ബ്രഹ്മമംഗലം സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹത്തിന്റെ തിരക്ക് കണക്കിലെടുത്ത് സ്‌ക്കൂളിലെത്തി അദ്ദേഹത്തെയും സന്ദര്‍ശിച്ചശേഷമാണ് ഞങ്ങള്‍ തിരികെ മടങ്ങിയത്. മടങ്ങുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചത് ഒന്നു മാത്രം പുണ്ടരീകപൂരത്തിന്റെ മഹാത്മ്യം കൂടുതല്‍ പേരില്‍ കൂടിയെത്തണം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top