sunday feature

ബഡുഗയുടെ വാനമ്പാടി

സി.കെ സാദിക്ക്

തമിഴ്‌നാട്ടിലെ നീലഗിരി താഴ്‌വരയില്‍ ഊട്ടിയിലെ 3,00,000 ത്തോളം വരുന്ന ബഡുഗാ സമൂഹത്തിന്റെ പ്രിയഗായികയാണ് കൊച്ചിക്കാരിയായ രാധിക വേണുഗോപാല്‍. പാട്ടും നൃത്തവും ഹൃദയത്തിലലിഞ്ഞുചേര്‍ന്ന ഈ ഗോത്രസമൂഹത്തിന്റെ പ്രത്യേക ഭാഷക്ക് തമിഴിനോടും, കന്നഡയോടും സാമ്യമുണ്ട്. ലിപിയില്ലാത്ത ബഡുഗ ഭാഷയില്‍ 450 ഓളം പാട്ടുകള്‍ രാധിക ഇതിനോടകം പാടികഴിഞ്ഞു. മിക്കവയും ബഡുഗ സമൂഹത്തില്‍ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഒരു തമിഴ്ചിത്രത്തിന്റെ റെക്കാര്‍ഡിങ് വേളയില്‍ രാധികയുടെ സ്വരമാധുരി തിരിച്ചറിഞ്ഞാണ് ബഡുഗ സംഗീത ആല്‍ബത്തില്‍ പാടാന്‍ ക്ഷണം ലഭിക്കുന്നത്. തുടക്കത്തില്‍ ഭാഷ അറിയാതെയെങ്ങനെ പാടുമെന്ന പരിഭ്രമമുണ്ടായിരുന്നുവെങ്കിലും പാടിയ പാട്ടുകളെല്ലാം പിന്നീട് ബഡുഗാസിന്റെ ഇടയില്‍ ഹിറ്റായി മാറി.

20 വര്‍ഷക്കാലം സംഗീതം അഭ്യസിച്ച്‌ നിരവധി സിനിമകളില്‍ പാടിയ രാധികയുടെയും ചേച്ചി ലക്ഷ്മിയുടെയും ശിവ ശംഭോ എന്ന ഗാനം കുറഞ്ഞ കാലം കൊണ്ട് 70 ലക്ഷം ആള്‍ക്കാരാണ് യുട്യൂബില്‍ കണ്ടും കേട്ടും ആസ്വദിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.ഫില്‍ ബിരുദാനന്തര ബിരുദധാരിയായ ഈ പെണ്‍കുട്ടി ഇപ്പോള്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് ജോണ്‍ സായിറാമിനൊടൊപ്പം മസ്‌ക്കറ്റില്‍ താമസമാക്കിയ രാധിക കൊച്ചിയില്‍ എത്തുന്ന അവധിക്കാല ഇടവേളകളില്‍ റെക്കോര്‍ഡിങ്ങും സംഗീത പരിപാടികളുമായി സജീവമാണ്. കോയമ്പത്തൂര്‍ അലങ്കാരി മാമിയുടെ ശിഷ്യയായ രാധിക 20 വര്‍ഷക്കാലം ചെമ്പൈ സംഗീതോല്‍സവത്തില്‍ തുടര്‍ച്ചയായി കച്ചേരി പാടിയിട്ടുണ്ട്.

രാധിക വേണുഗോപാലുമായി പ്രമുഖ പിന്നണി ഗായകന്‍ സി.കെ സാദിക്ക് നടത്തിയ അഭിമുഖം.

രാധിക വേണുഗോപാലും സി.കെ സാദിക്കും

സാദിക് : ഏത് പാട്ടാണ് ആദ്യമായി ബഡുഗ ഭാഷയില്‍ പാടിയത്. അര്‍ത്ഥമറിയാതെ എങ്ങനെയാണ് ഭാവം ഉള്‍കൊണ്ട് പാടിയത്?

രാധിക : ഞാന്‍ ജീവിതത്തില്‍ ഈ ഭാഷ കേട്ടിരുന്നില്ല. ലിപിയില്ലാത്ത ബഡുഗ ഇംഗ്ലീഷില്‍ എഴുതിയെടുത്താണ് റെക്കാര്‍ഡിങ് വേളയില്‍ പാടിയത്. ആല്‍ബം സോങ്ങിന്റെ അര്‍ത്ഥം സംഗീത സംവിധായകന്‍ പാടുന്നതിന് മുമ്പ് വിശദീകരിച്ച് തന്നു. സോലഗായി എന്ന് തുടങ്ങുന്ന പാട്ട് ബഡുഗാസിന്റെ ഇടയില്‍ പെട്ടെന്ന് തന്നെ ഹിറ്റായി. ഈ ആല്‍ബം ഹിറ്റായതോടെ പാട്ട് സിനിമയിലും ചേര്‍ത്തു. അവരുടെ എല്ലാ ആഘോഷങ്ങളിലും ഈ പാട്ടൊഴിച്ച് കൂടാനാവാത്തതായി മാറി. ഹോസമംഗാരു എന്ന ചിത്രത്തിലാണ് പാട്ട് വന്നത്. അതോടെ വന്‍ പ്രചാരം ലഭിച്ചു.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-03.mp4[/KGVID]

വീഡിയോ ഗ്രാഫിക്‌സ് : അനു ആനന്ദ്‌

മലയാളിയുടെ വാനമ്പാടിയായ ചിത്രയെപോലെ രാധിക ബഡുഗയുടെ വാനമ്പാടി എന്ന് വിളിപ്പേരിലാണല്ലോ നീലഗിരിയില്‍ അറിയപ്പെടുന്നത്?

(രാധിക ചിരിക്കുന്നു) അങ്ങനൊക്കെ വിളിക്കുന്നുണ്ട്. ആ ഭാഷയിലെ മികച്ച ഫീമെയില്‍ ഗായികയായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇതിനോടകം എത്ര പാട്ടുകള്‍ ബഡുഗാ ഭാഷയില്‍ പാടിയിട്ടുണ്ട്?

ഏതാണ്ട് 450 ആല്‍ബം സോങ്ങ് ബഡുഗ ഭാഷയില്‍ പാടി കഴിഞ്ഞു. ഇത്തവണ മസ്‌ക്കറ്റില്‍ നിന്ന് വെക്കേഷന് വന്നപ്പോള്‍ ആറുപാട്ടുകള്‍ പാടി.  ഓരോ മാസവും അവിടെ നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ ഇറക്കും. പാട്ടും നൃത്തവും ഇത്രയധികം ആസ്വദിക്കുന്ന ഒരു ജനവിഭാഗത്തെ ഞാനെങ്ങും കണ്ടിട്ടില്ല. അവരുടെ രക്തത്തിലും ജീവിതത്തിലും പാട്ടുകള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് മസ്‌ക്കറ്റിലേക്ക് മടങ്ങിയില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ പാട്ടുകള്‍ പാടാമായിരുന്നു. ഇപ്പോഴും പാടാന്‍ നിരവധി ചാന്‍സുണ്ട്. പക്ഷെ മസ്‌ക്കറ്റിലായതിനാല്‍ വന്നു പാടാന്‍ കഴിയുന്നില്ല.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-04.mp4[/KGVID]

ഭോ ശംഭോ യൂട്യുബില്‍ വന്‍ഹിറ്റായല്ലോ ?

ഭോ ശംഭോ എന്ന ഗാനം ഞാനും ചേച്ചി ലക്ഷ്മിയും കൂടി രണ്ടു വര്‍ഷം മുമ്പ് ഇറക്കിയ മ്യുസിക് വീഡിയോ ഇതിനോടകം 70 ലക്ഷം പേര്‍ കണ്ട് കഴിഞ്ഞു. ഇങ്ങനെയൊരു വീഡിയോ ആല്‍ബം ചെയ്യണമെന്ന് ചേച്ചിയുടെ ഭര്‍ത്താവിന്റെ ഐഡിയയായിരുന്നു.  ദയാനന്ദ സരസ്വതിയുടെ കീര്‍ത്തനമാണ് ഇതിന് വേണ്ടി തെരഞ്ഞെടുത്തത്. പാട്ടില്‍ അല്‍പ്പം ബ്രേക്ക് വന്നപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതി പ്രൊഡ്യുസ് ചെയ്തതാണ്. ഇത്രയധികം ഹിറ്റാവുമെന്ന് കരുതിയില്ല. കാഴ്ചക്കാര്‍ക്ക് വേണ്ടി കീര്‍ത്തനം ഒരു ഫ്യൂഷന്‍ പോലെയാണ് ചെയ്തത്. പശ്ചാത്തലസംഗീതം വെസ്‌റ്റേണ്‍ മ്യൂസികിലായിരുന്നു. എന്നാല്‍ കീര്‍ത്തനത്തിന്റെ തനിമ നഷ്ടപ്പെടാത്ത രീതിയിലായിരുന്നു സംഗീത സംവിധാനം. വീഡിയോയും അതി മനോഹരമായിരുന്നു. ചെറിയ രീതിയില്‍ തുടങ്ങിയെങ്കിലും ഔട്ട്പുട്ട് മനോഹരമായിരുന്നു.

രാധിക എങ്ങനെയാണ് ഗാനരംഗത്തേക്ക് വരുന്നത്?

ഞാന്‍ പാട്ട് പഠിച്ച് തുടങ്ങുന്നത് 6-ാം ക്ലാസില്‍ വെച്ചാണ്. എനിക്ക്മുമ്പ് ചേച്ചി പഠിച്ച് തുടങ്ങിയിരുന്നു. അമ്മൂമ്മയാണ് എന്നിലൊരു പാട്ടുകാരിയുണ്ടെന്ന് തുടക്കത്തില്‍ തിരിച്ചറിഞ്ഞത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റം നടത്തി.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-01.mp4[/KGVID]

എല്ലാ വര്‍ഷവും ചെമ്പൈ സംഗീതോല്‍സവത്തില്‍ ഞാനും ചേച്ചിയും പാടാറുണ്ടായിരുന്നു. 20 വര്‍ഷക്കാലം അതിന് ഭംഗമുണ്ടായില്ല. കല്യാണം കഴിയുന്നത് വരെ അങ്ങനെ തുടര്‍ന്നു. ശാസ്ത്രീയ സംഗീതത്തിലായിരുന്നു എന്റെ താല്‍പര്യം. പിന്നീട് സാവധാനം റെക്കാര്‍ഡിങ്ങിലേക്ക് മാറി. ഒരുപാട് ആല്‍ബങ്ങളില്‍ പാടി. ഒരു തമിഴ് സിനിമയുടെ ട്രാക്ക് പാടിയത് കേട്ടിട്ടാണ് ഒരു ബഡുഗ പ്രൊഡ്യൂസര്‍ ആ ഭാഷയില്‍ പാടാന്‍ ക്ഷണിക്കുന്നത്.

ഗാനമേളകളിലും സജീവമായിരുന്നല്ലോ?

അച്ഛന്റെ ബിസിനസ്സ് കോയമ്പത്തൂരിലായിരുന്നു. ഞാന്‍ പഠിച്ചതൊക്കെ അവിടെയായിരുന്നു. പത്ത് വയസ്സില്‍ കോയമ്പത്തൂര്‍ അയ്യപ്പക്ഷേത്രത്തില്‍ ആദ്യത്തെ ഗാനമേളയില്‍ പങ്കെടുത്തു. അത് വരെ ഞാനും ചേച്ചിയും ഏറെ ശ്രദ്ധിച്ചിരുന്നത് കച്ചേരിയിലായിരുന്നു. ആദ്യം പാടിയ പാട്ട് സൂര്യകാന്തിയായിരുന്നു.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-02.mp4[/KGVID]

ഇതിനിടെ ഓര്‍മ്മകളില്‍ നിന്ന് എന്ന മലയാള ആല്‍ബം സിഡിയില്‍ പാടി. പ്രേമഗാനങ്ങളായിരുന്നു. കൂടുതല്‍ പിന്നീട് സംഗീതസംവിധായകന്‍ ശിവപ്രസാദിന്റെ ക്രിസ്ത്യന്‍ ഡിവോഷനല്‍ പാടി. ഇടക്ക് ചില സിനിമകളിലും പാടാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യമാണ്.

ബഡുഗ പാട്ടിലേക്ക് എങ്ങനെയാണ് കടന്നു വരുന്നത് ?

അവരുടെ ഭാഷയില്‍ ഉച്ചാരണശുദ്ധിയോടെ പാടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.  പാടി കഴിഞ്ഞപ്പോള്‍ അവര്‍ക്കിഷ്ടപ്പെട്ടു. ലേശം പരിഭ്രമത്തോടെയാണ് അതുവരെ തീരെ പരിചയമില്ലാത്ത ഭാഷയില്‍ ആദ്യ പാട്ട് റെക്കാര്‍ഡ് ചെയ്തത്. അവര്‍ക്കിഷ്ടപ്പെട്ടത് കണ്ടപ്പോഴാണ് സമാധാനമായത്. (പഴയകാര്യങ്ങള്‍ ഓര്‍ത്തെടുത്ത്  ചിരിക്കുന്നു) ബിസലു എന്ന ബഡുഗ ആല്‍ബത്തിലാണ് ആദ്യപാട്ടുകള്‍ വന്നത്. നിനച്ചിരിക്കാതെ സോലുഗ എന്ന ഗാനം അവിടെ വന്‍ ഹിറ്റായി.  പിന്നീട് ആല്‍ബം സോങ്ങ് സിനിമസോങ്ങുമായി.  ചിത്രചേച്ചിയും ബഡുഗ ഭാഷയില്‍ പാടിയിട്ടുണ്ട്.

ഗാനമേളകളില്‍ പാടാറുണ്ടോ?

ഉണ്ണിമേനോന്‍ സാറിന്റെ ഗാനമേളകളില്‍ പാടിയിട്ടുണ്ട്. ഗായകന്‍ ശ്രീനിവാസന്‍ സാറിന്റെ കൂടെ കൊച്ചിയില്‍ ഗാനമേളയില്‍ പാടിയിരുന്നു. സാദിക്ക് അങ്കിള്‍ തന്നെയാണല്ലോ പല പ്രോഗ്രാമിനും എനിക്ക് ആദ്യ കാലങ്ങളില്‍ അവസരം തന്നത്. (ചിരിക്കുന്നു).

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-06.mp4[/KGVID]

രാജാമണി കണ്ടക്ട് ചെയ്ത വേണുഗോപാല്‍ സാറിന്റെ കൂടെ അര്‍ജുനന്‍ മാഷിന്റെ പരിപാടിയിലും പാടാന്‍ സാധിച്ചു. രാജാമണിയുടെ ഡിവോഷണല്‍ ആല്‍ബം സോംഗ് പാടാനും ഈ സമയത്ത് അവസരം ലഭിച്ചു. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും കേരളവിഷന്‍ ചാനലില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജഹംസമേ പാടിയത്  ഇപ്പോഴും മറക്കാനാവില്ല.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-05.mp4[/KGVID]

ആരൊക്കെയാണ് പാട്ട് പാടാന്‍ പ്രോല്‍സാഹിപ്പിച്ചത് ?

പാട്ട് പാടാന്‍ ഏറ്റവുമധികം പ്രോല്‍സാഹിപ്പിക്കുന്നത് എന്റെ ഭര്‍ത്താവ് ജോണ്‍ സായിറാമാണ്. ചെറുപ്പം മുതല്‍ അച്ഛന്‍ വേണുഗോപാല്‍, അമ്മ നന്ദിനി, ചേച്ചി ലക്ഷ്മി എന്നിവര്‍ വലിയ പിന്തുണയോടെ കൂടെയുണ്ട്. ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ ഇവരാണ് അതിന് പിന്നിലുള്ളത്. പാട്ടിലെ തെറ്റുകള്‍ തിരുത്തിതരുന്നത് ഭര്‍ത്താവാണ്. മസ്‌ക്കറ്റിലും ഗാനമേളകള്‍ ചെയ്യാറുണ്ട്. അദ്ദേഹം കൂടെ വരും നല്ല സപ്പോര്‍ട്ടാണ്. ചെറിയ മകന്‍ ഒന്നു വളര്‍ന്നിട്ട് വേണം ഈ രംഗത്തേക്ക് കൂടുതല്‍ സജീവമാകാന്‍.

[KGVID]http://keralavisiontv.com/wp-content/uploads/2018/08/Song-07.mp4[/KGVID]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top