Latest News

യുവ എഴുത്തുകാരി ഷെറിന്‍ ചാക്കോയുടെ പുതിയ കൃതി ‘ തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല ‘

യുവ അധ്യാപികയും എഴുത്തുകാരിയുമായ ഷെറിന്‍ ചാക്കോയുടെ പുതിയ കൃതി ഉടന്‍ പുറത്തിറങ്ങുന്നു. ജീവിതപ്രതിസന്ധികളെ മനക്കരുത്തോടെ പൊരുതി തോല്‍പ്പിച്ച വ്യക്തികളുടെ ജീവിതമാണ് ഷെറിന്‍ തന്റെ പുതിയ കൃതിയില്‍ പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഫ്‌ളവേര്‍സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രതിഭകളും അണിനിരക്കുന്നു. എല്ലാ വ്യക്തികളേയും നേരില്‍ കണ്ട് അഭിമുഖം നടത്തി രണ്ടു വര്‍ഷത്തോളമെടുത്താണ് ഷെറിന്‍ പുസ്തക രചന പൂര്‍ത്തീകരിച്ചിരിക്കുന്നത്.

കുട്ടിക്കാലത്തു തന്നെ പുസ്‌കതങ്ങളോടും അക്ഷരങ്ങളോടും കൂട്ടുകൂടിയ ഷെറിന്‍ ബ്ലോഗര്‍ എന്ന നിലയിലാണ് പ്രശസ്തയായത്. ആഴമേറിയ ആശയങ്ങള്‍ കൊണ്ടും അവതരണ മികവുകൊണ്ടും ഷെറിന്‍ നവമാധ്യമ രചനകളിലും ഓണ്‍ലൈന്‍ സാഹിത്യ- സാംസ്‌കാരിക കൂട്ടായ്മകളിലും നിറസാന്നിധ്യമായി മാറി.

മദര്‍ തെരേസ്സയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച കനിവിന്റെ അമ്മ, യുവാക്കള്‍ക്കായി നവചിന്തകള്‍ പകര്‍ന്നു കൊടുക്കുന്ന വെളിച്ചം വിതറുന്ന സ്വപ്‌നങ്ങള്‍ എന്നിവയാണ് ഷെറിന്റേതായി ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. നിരവധി ഡിവോഷണല്‍ ആല്‍ബങ്ങള്‍ക്ക് വരികളെഴുതിയ ഷെറിന്‍ ഗായികയും നല്ലൊരു പ്രാസംഗികയും കൂടിയാണ്.
റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂള്‍ അധ്യാപികയാണ് ഷെറിന്‍ ചാക്കോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top