Kerala

ഇടമലയാര്‍, ഇടുക്കി വെള്ളം ; എറണാകുളം ജില്ലയിലും ആശങ്ക

പെരിയാറില്‍ ജലം വര്‍ധിക്കുന്നതോടെ ആലുവ, എറണാകുളം നഗരപ്രദേശങ്ങളില്‍ വെള്ളം കയറുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇടമലയാര്‍ ഡാം തുറന്ന് 5 മണിക്കൂര്‍ കഴിഞ്ഞതോടെ കാലടി, പെരുമ്പാവൂര്‍, ആലുവ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ശക്തമായി എത്തിത്തുടങ്ങി. ഇടമലയാറില്‍ വെള്ളം തുറന്നുവിട്ടുവെങ്കിലും ജലനിരപ്പ് ഡാമില്‍ കുറയുന്നില്ല. വന്‍തോതില്‍ നീരൊഴുക്ക് അണക്കെട്ടിലേക്ക് പ്രവഹിക്കുന്നതാണ് ഇതിന് കാരണം.

പന്ത്രണ്ട് മണിയോടെ ഇടുക്കി ഡാമില്‍ ട്രയല്‍ നടത്തുന്നതോടെ ചെറുതോണി ഭൂതത്താന്‍കെട്ട് വഴി വൈകീട്ട് 5 മണിയോടെ ആലുവയിലെ പെരിയാറിലേക്ക് അധിക വെള്ളമെത്തും. പെരിയാറിന്റെ ഇരുകരകളില്‍ ഇപ്പോള്‍ താമസിക്കുന്ന നിരവധിയാളുകളെ എത്രയും പെട്ടെന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.

കഴിഞ്ഞ കുറേ ദിവസമായി മഴ മാറി നിന്നതിനാല്‍ ഡാമുകള്‍ തുറന്നു വിടേണ്ടി വരില്ലെന്നാണ് എറണാകുളം ജില്ല ഭരണകൂടം കണക്കുകൂട്ടിയത്. എന്നാല്‍ ഒഡീഷാ തീരത്ത് നിനച്ചിരിക്കാതെ രൂപപ്പെട്ട ന്യൂനമര്‍ദമാണ് സ്ഥിതിഗതികള്‍ പെട്ടെന്ന് മാറ്റി മറിച്ചത്.

ഇടമലയാറില്‍ നിന്ന് മാത്രമല്ല ഇടുക്കി ഡാമില്‍ നിന്നുള്ള ജലം കൂടി എത്തുന്നതോടെ കാലടി, പെരുമ്പാവൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളം, ആലുവ നഗര പ്രദേശം, എറണാകുളം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വൈകീട്ടോടെ വെള്ളം കയറും. ജലം ഒഴിഞ്ഞ് പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഇപ്രാവശ്യം വെള്ളപ്പൊക്കം രൂക്ഷമാകും.

ഇടമലയാര്‍ ഡാം തുറന്ന് വിട്ടതോടെയാണ് ചെറുതോണി, ഇടുക്കി ഡാം തുറക്കാന്‍ വൈകിയതെന്ന് വൈദ്യുത മന്ത്രി എംഎം മണി ഇടുക്കിയില്‍ പറഞ്ഞു.

എന്നാല്‍ രണ്ടു ഡാമുകളും ഒരേപോലെ തുറക്കുമ്പോള്‍ ആര്‍ത്തലച്ച് പെരിയാറിലേക്ക് എത്തുന്ന വെള്ളം നഗരത്തില്‍ വെള്ളപ്പൊക്ക ദുരന്തത്തിന് വഴിവെക്കും. ആലുവായിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് മാത്രമല്ല പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്ന വില്ലകളിലും ഫ്‌ളാറ്റുകളിലും വെള്ളം കയറും.

ഇടുക്കി ചെറുതോണി ട്രയല്‍ റണ്‍ ആരംഭിച്ചതോടെ 5 മണിക്കൂറില്‍ ജലം ആലുവ ഭാഗത്തേക്ക് വരും. രണ്ട് ഡാമുകളിലെ വെള്ളം ആദ്യമായാണ് പെരിയാറിലേക്ക് ഒന്നിച്ച് വന്നെത്തുന്നത്. ഇതിന്റെ പ്രത്യാഘാതം എന്താവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top