ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ സന്തോഷം പങ്കുവെച്ച് പി വി സിന്ധു. താന്‍ നേടിയ വെള്ളിക്കും തിളക്കമുണ്ടെന്ന് പറഞ്ഞ സിന്ധു തന്നെ വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണം നഷ്ടമാവുകയല്ല താന്‍ വെള്ളി നേടുകയാണ് ചെയ്തതെന്ന് താരം പറഞ്ഞു. രണ്ടാം തവണയും സ്വര്‍ണ്ണം നഷ്ടപ്പെടുത്തിയ സിന്ധുവിനെതിരെ ആക്ഷേപവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന മാരിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോര്‍: 21-19, 21-10. മത്സരത്തില്‍ വെള്ളി നേടിയ സിന്ധു തന്റെ സ്വര്‍ണം താമസിയാതെ വരുമെന്ന് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം നല്കിയ കുറിപ്പില്‍ പറയുന്നു.