കൊട്ടിയൂര്‍ പീഡനക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ഇരയായ പെണ്‍കുട്ടി നാടകീയമായി മൊഴിമാറ്റി. ഫാദര്‍ റോബിന് റോബിന് വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധപ്പെട്ടതെന്നും പെണ്‍കൂട്ടി മൊഴി നല്കി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന് തന്നെയാണ്. റോബിനുമായി തനിക്ക് വിവാഹ ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
വൈദികന് പ്രതിയായ കേസില്‍ പെണ്‍കുട്ടി കൂറ് മാറിയെന്ന് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി പ്രഖ്യാപിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.