Breaking News

ആധാര്‍ നമ്പര്‍ നല്‍കി വെല്ലുവിളിച്ചു ; ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിക്കാണിച്ച് ഹാക്കര്‍മാര്‍

ട്വിറ്റര്‍ നിവാസികള്‍ക്ക് തലയെറിഞ്ഞ് ചിരിക്കാന്‍ വകകിട്ടിയ ദിവസമായിരുന്നു ഇന്നലെ. ആധാര്‍ നമ്പര്‍ സുരക്ഷിതമാണെന്നും അതുവഴി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുവാന്‍ കഴിയില്ല എന്നും പറഞ്ഞ് ഹാക്കര്‍മാരെ വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയ്ക്ക് കിട്ടിയത് എട്ടിന്റെയല്ല പതിനാറിന്റെ നല്ല കിടിലന്‍ പണിയാണ്.

ആധാര്‍ നമ്പര്‍ ഇതാ, കഴിയുമെങ്കില്‍ തന്റെ വിവരങ്ങള്‍ ചോര്‍ത്തൂ എന്ന് പറഞ്ഞാണ് ശര്‍മ തന്റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ശര്‍മ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി വൈകീട്ടോടെ ശര്‍മയുടെ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും ഉപയോഗിക്കുന്ന ഫോണും അതിന്റെ കണക്ഷനും ജിമെയില്‍ സെക്യൂരിറ്റി ക്യസ്റ്റനും അതിന്റെ ആന്‍സറും എന്തിന് ശര്‍്മയുടെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ പിക്ച്ചര്‍ വരെ വരിവരിയായി ഹാക്കര്‍മാര്‍ നിരത്തിക്കൊടുത്തു. എന്നാല്‍ വിവരങ്ങള്‍ ആധാറിന്റെ സഹായത്തോടെയല്ലാതെ ലഭിക്കുന്നതല്ല എന്ന് ശര്‍മ്മ വാദിച്ചു ഇതോടെ ഹാക്കര്‍മാര്‍ ശര്‍മ്മയുടെ പാന്‍കാര്‍ഡ് നമ്പറും പുറത്ത് വിട്ടു.

ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ എലിയട്ട് ആല്‍ഡേഴ്‌സണിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ശര്‍മയുടെ മൊബൈല്‍ നമ്പരും മറ്റും പുറത്തുവന്നു. മറ്റു മൊബൈല്‍ നമ്പരുകള്‍, ഇമെയില്‍ ഐഡി, ശര്‍മ ഉപയോഗിക്കുന്ന ഫോണ്‍ ഏതു കമ്പനിയുടേതാണെന്നത്, വാട്‌സാപ്പിന്റെ പ്രൊഫൈല്‍ ചിത്രം, മറ്റു വ്യക്തി വിശദാംശങ്ങള്‍ തുടങ്ങിയവയും പല ട്വീറ്റുകളിലായി എത്തി.

 

‘ജനങ്ങള്‍ക്കു താങ്കളുടെ വ്യക്തി വിവരങ്ങള്‍, ജനനത്തീയതി, ഫോണ്‍ നമ്പരുകള്‍… എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തി. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്നു കരുതുന്നു’ – ആല്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. ബാങ്ക് അക്കൗണ്ടുമായി ശര്‍മ ആധാര്‍ ബന്ധപ്പെടുത്തിയിട്ടില്ലെന്നും ആല്‍ഡേഴ്‌സന്‍ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും പുറത്തുവിട്ടു. ശര്‍മയുടെ വാട്‌സാപ് പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍ പുറത്തുവിട്ടു.

ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ച് മുതല്‍ സകല ബ്രൗസിംഗ് ഹിസ്റ്ററിയും ജിപിഎസ് ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെയും പറ്റിയുള്ള വിവരവും ഹാക്കര്‍മാര്‍ ചോര്‍ത്തി. ആധാര്‍ വിവരങ്ങള്‍ വെച്ച് ആര്‍ക്കും ആരേയും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ദ പ്രിന്റ് ഡോട്ട് ഇന്നിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ അവകാശപ്പെട്ടിരുന്നു. ഉടന്‍ രൂപീകരിക്കാന്‍ പോവുന്ന വിവരസംരക്ഷണ വകുപ്പിന്റെ തലവനാകും എന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ആര്‍.എസ് ശര്‍മ്മ.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും സാധിക്കുമെങ്കില്‍ ആധാര്‍ നമ്പര്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചിട്ടാണ് ആല്‍ഡേഴ്‌സന്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയത് അതും ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രം!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top