Breaking News

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗോപാലപുരത്തെ വസതിയിലാണ് കരുണാനിധി ചികില്‍സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കരുണാനിധിയെ ചികിത്സിക്കുന്നത്. മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്നുള്ള പനിക്കുള്ള ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയില്‍ ഒരുക്കിയാണ് ചികിത്സ. ഡോക്ടര്‍മാരും നഴ്‌സുമാരും 24 മണിക്കൂറും അദ്ദേഹത്തിന്റെ ആരോഗ്യ നില നിരീക്ഷിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം കരുണാനിധിയുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഡിഎംകെ പ്രസിഡന്റ് ആയതിന്റെ 50-ാം വാര്‍ഷികമാണിത്. ചലനശേഷിയും സംസാരശേഷിയും കുറഞ്ഞതോടെ 94-കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒന്നര വര്‍ഷമായി അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധി നിരവധി നാടകങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 70 ലധികം സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

വസതിയ്ക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുന്ന ഡിഎംകെ പ്രവര്‍ത്തകര്‍

കരുണാനിധിയുടെ വസതിയ്ക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top