Breaking News

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെര്‍ക്കളത്തെ വസതിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് 6ന് ചെര്‍ക്കളം മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ നടക്കും.

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് വീട്ടിലേക്ക് മാറ്റിയത്. 1942 സെപ്റ്റംബര്‍ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുല്ല ചെറുപ്പം മുതല്‍ രാഷ്ട്രീയരംഗത്തുണ്ടായിരുന്നു. 1987 മുതല്‍ നാലു തവണ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001 മുതല്‍ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

മുസ്ലിം യൂത്ത് ലീഗില്‍ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് , എംഇഎസ് ആ ജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്നോളജി ചെയര്‍മാന്‍, കാസര്‍കോട് മുസ്ലിം എജുക്കേഷനല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി. ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കള മുഹിയുദ്ദീന്‍ജുമാമസ്ജിദ് പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 2010 ല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top