ദില്ലി: ഫുട്ബോളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഇന്ത്യന്‍ ടീം ചരിത്രം രചിക്കാനുറച്ചുതന്നെയാണ്. ഇക്കഴിഞ്ഞ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചാമ്പ്യന്മാരായതിന് പിന്നാലെ ഫിഫ റാങ്കിങില്‍ 75ാം സ്ഥാനത്തുള്ള ചൈനയുമായി സൗഹൃദ മത്സരത്തിനൊരുങ്ങുകയാണ് 97ാം സ്ഥാനത്തുള്ള ടീം ഇന്ത്യ. ഇതിനായി ഉടന്‍ ചൈനയിലേക്ക് പറക്കുകയാണ് ടീം.
ജൂണ്‍ മാസത്തില്‍ നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ന്യൂസിലാന്റ്, കെനിയ, ചൈനീസ് തായ്പേയ് എന്നീ ടീമുകളോട് മത്സരിച്ച് ഫൈനലില്‍ കെനിയയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യന്‍ ഫുട്ബേള്‍ ടീം പഴയ ടീമല്ലെന്ന മുന്നറിയിപ്പായിരുന്നു ഇത്. എഎഫ്സി കപ്പിനും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും മുന്നോടിയായി മികച്ച വിദേശ രാജ്യങ്ങളുമായി കളിച്ച് മത്സര പരിചയം ഉണ്ടാക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തന്നെയാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്.
നിലവില്‍ ലോക റാങ്കിങ്ങില്‍ 97ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ 22 സ്ഥാനങ്ങള്‍ മുന്നിലുള്ള ചൈനയുമായുമായുള്ള മത്സരം ടീമിന് ഏറെ ഗുണം ചെയ്യും. എന്നാല്‍ ചൈനയുമായുള്ള മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് നിരാശയാണ് ഫലം. ആകെ കളിച്ച 17 മത്സരങ്ങളില്‍ 12 ജയം ചൈനയ്ക്ക് സ്വന്തമാണ്. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ചൈനയ്ക്കെതിരെ ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സാരം. ഈ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമാകും. ബീജിങ്ങില്‍ ഒക്ടോബര്‍ 13ന് മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.